palakkad local

പാലക്കാട്ട് ഐഐടി സ്ഥിരം കാംപസ്: നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പാലക്കാട്: പാലക്കാട് ഐഐടിക്ക് സ്ഥിരം കാംപസ് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാനുളള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. അടുത്തവര്‍ഷം മാര്‍ച്ചില്‍ ഭൂമി കേന്ദ്രത്തിന് കൈമാറുമെന്നാണറിയുന്നത്.
ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം അട്ടപ്പാടി മേഖലയില്‍ നിന്ന് ഇരട്ടി ഭൂമി വനംവകുപ്പിന് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. അഞ്ചു ബ്ലോക്കുകളിലായി 500.19 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി.
സെന്റിന് നാല്‍പതിനായിരം രൂപയ്ക്ക് സ്ഥലം വിട്ടുനല്‍കാന്‍ 85 ശതമാനം ഭൂവുടമകളും തയ്യാറായത് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും.
പാടങ്ങള്‍ ഉള്‍പ്പെടുന്ന 366.39 ഏക്കര്‍ സ്വകാര്യഭൂമിയില്‍ കൂടുതല്‍ വില വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് പരമാവധി പതിനായിരം രൂപ കൂടി അധികം നല്‍കാനാണ് ശ്രമം.
സംസ്ഥാനതല ഭൂമി ഏറ്റെടുക്കല്‍ സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. വനഭൂമിയായി 43 ഏക്കര്‍ ഏറ്റെടുക്കുമ്പോള്‍ പകരം 86 ഏക്കര്‍ ഭൂമി വനംവകുപ്പിന് തിരികെ നല്‍കണം. ഇതിനായി അട്ടപ്പാടി വനമേഖലയോട് ചേര്‍ന്ന് കുറഞ്ഞവിലയുള്ള ഭൂമി നല്‍കാനാണ് നീക്കം. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് ഭൂമി കൈമാറിയാല്‍ മാത്രമേ സ്ഥിരം കാംപസ് നിര്‍മിക്കാനാകൂ. നിലവില്‍ കഞ്ചിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ താല്‍ക്കാലിക കാംപസിലാണ് ഐഐടി പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it