wayanad local

പാലക്കാട്ടെ കൊമ്പനെ തുരത്താന്‍ വയനാട്ടില്‍ നിന്നും വിദഗ്ധസംഘം

പാലക്കാട്: കഴിഞ്ഞ മൂന്നുദിവസമായി ജനങ്ങളെ ഭീതിയിലാക്കി ജനവാസമേഖലയില്‍ നിലയുറപ്പിക്കുന്ന കൊമ്പനെയും കുട്ടിയാനയെയും തുരത്താന്‍ കഴിയാതെ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കാവിശ്ശേരിയിലായിരുന്ന ആനകള്‍ പുലര്‍ച്ചെ അഞ്ചോടെ വീണ്ടും മാത്തൂരിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. പിന്നീട് പകല്‍ മുഴുവന്‍ പാലപ്പൊറ്റ, പാറയ്ക്കല്‍ എന്നീ പ്രദേശങ്ങളിലെ ചെറിയ ചെറിയ കാടുകളിലായി നിലയുറപ്പിക്കുകയായിരുന്നു.
അടുത്തടുത്ത് വീടുകളായിരുന്നതിനാല്‍ വീട്ടിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകീട്ട് നാലരയോടെ വനം-പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തിനൊടുവില്‍ സമീപത്തെ പൂടൂര്‍ പുഴയിലിറങ്ങിയ ആനകള്‍ അരമണിക്കൂറോളം വെള്ളത്തില്‍ കിടന്നു. ശേഷം പുഴയും പാലക്കാട്-ഷൊര്‍ണൂര്‍ ദേശീയപാതയും കടന്ന് പറളിയിലേക്ക് പ്രവേശിച്ചു. പക്ഷേ, മണിക്കൂറുകള്‍ക്കകം ആനകള്‍ വീണ്ടും പുഴ കടന്ന് പാലപ്പൊറ്റയിലേക്ക് തിരികെ എത്തുകയായിരുന്നു. രണ്ട് രാത്രിയും മൂന്ന് പകലും നടത്തിയ പരിശ്രമങ്ങള്‍ ഫലം കാണാതായതോടെ വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായം വനം വകുപ്പ് അധികൃതര്‍ തേടിയിട്ടുണ്ട്.
വയനാട് തമ്പാന്‍മാര്‍ അര്‍ധരാത്രിയോടെ എത്തി ആനയെ പറളി, കണാവല്ലൂര്‍ വഴി അയ്യര്‍മല വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം തുടരുകയാണ്. പറളിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് മുണ്ടൂരിലെ അയ്യര്‍ മലയിലേക്ക്. ഇതിനിടയില്‍ കണാവല്ലൂര്‍, മുണ്ടൂര്‍ ഭാഗത്തായി ചെറിയ കാടുകളും ഉണ്ടെന്നതിനാല്‍ ഈ വഴിയാകും ആനകളെ തിരികെ കാടുകയറ്റുകയെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it