പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രചാരണം തമിഴില്‍: അമ്മമാര്‍കളേ; തായ്മാര്‍കളേ

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രചാരണം തമിഴില്‍ പൊടിപൊടിക്കുന്നു. തിരഞ്ഞെടുപ്പ് കേരളത്തിലാണെങ്കിലും അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രചാരണം കണ്ടാല്‍ തമിഴ്‌നാട് നിയമസഭയിലേക്കോ നഗരസഭകളിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പാണെന്നു തോന്നിപ്പോവും. അട്ടപ്പാടിയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ബാനറുകളും പോസ്റ്ററുകളും ഭൂരിഭാഗവും തമിഴിലാണ്. ഇവിടെ സ്ഥാനാര്‍ഥികള്‍ വോട്ട് അഭ്യര്‍ഥിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം തമിഴിലാണ്. ചിലയിടങ്ങളില്‍ രണ്ട് ഭാഷകളിലും പ്രസംഗം നടക്കുന്നുണ്ട്.
തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ വാര്‍ഡുകളിലാണ് തമിഴിലുള്ള പ്രചാരണം കത്തിക്കയറുന്നത്. അഗളി പഞ്ചായത്തിലെ കോട്ടത്തറ, പുതൂര്‍ പഞ്ചായത്തിലെ ചാളയൂര്‍, ഇലച്ചിവഴി, ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ, വട്ട്‌ലക്കി വാര്‍ഡുകളിലും ആനക്കട്ടി, പുതൂര്‍ ബ്ലോക്ക് ഡിവിഷനുകളിലുമാണ് തമിഴ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നത്.
മേഖലകളില്‍ തമിഴ് കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ക്ക് സ്ഥാനാര്‍ഥിത്വം അല്‍പം കട്ടിയാവും. കരണം തമിഴ് കുടിയേറ്റ സ്ത്രീകളും ആദിവാസികളും അവരുടെ പ്രശ്‌നങ്ങള്‍ തമിഴിലാണ് അവതരിപ്പിക്കുക. ആദിവാസികളും തമിഴ് കുടിയേറ്റക്കാരും ഏറെയുള്ള മേഖലകളാണ് പുതൂരും ഷോളയൂരും. അഗളിയില്‍ തമിഴ് കുടിയേറ്റക്കാര്‍ കുറവാണ്. എങ്കിലും ആദിവാസികള്‍ക്ക് പരിചിതമായ ഭാഷ തമിഴാണ്. ഊരുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങള്‍ക്ക് തമിഴ് തന്നെയാണ് മാധ്യമം. പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ആദിവാസി പ്രശ്‌നങ്ങള്‍ക്കൊപ്പം തമിഴ് കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം.
ഭാഷ മത്രമല്ല; തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും തമിഴ്‌നാട്ടില്‍നിന്നാണ് ഇവിടെ എത്തുന്നത്. ഫഌക്‌സുകളും ബോര്‍ഡുകളും കൊടികളുമെല്ലാം തമിഴ്‌നാട്ടില്‍നിന്നാണ്. പ്രചാരണത്തിലുമുണ്ട് തമിഴ്ടച്ച്.
സ്ഥാനാര്‍ഥികളുടെ കൂറ്റന്‍ കട്ടൗട്ടുകളും വലിയ ഫഌക്‌സുകളുമാണ് നിരത്തുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഓരോരുത്തരും വോട്ടര്‍മാരെ കാണുന്നതോടെ തനി തമിഴ് സ്‌റ്റൈലില്‍ തൊഴുതു വണങ്ങി 'അമ്മാ....ഉങ്കള്‍ പൊന്നാണ് വാക്കുകളെ .... ചിഹ്‌നത്തില്‍ മുദ്രപോട്ട് മികപ്പെരുവാണ് വ്യത്യാസത്തില്‍ വെറ്റ്ട്രി അടക്കി കൊള്‍കിറേണ്‍ ... എന്ന് താഴ്മയാ കേട്ടുകോള്‍കിറേന്‍' എന്നു തമിഴില്‍ വോട്ടു ചോദിക്കും. അമ്മമാര്‍കളേ തായ്മാര്‍കളേ....എന്ന് അഭിസംബോധനയോടെയാണ് അനൗണ്‍സ്‌മെന്റ് തുടക്കം.
അനൗണ്‍സ്‌മെന്റിനും തമിഴ്‌നാട്ടില്‍നിന്ന് ആളുകളെ കൊണ്ടുവരുന്നുണ്ട്. പ്രചാരണം തന്നെയാണ് തമിഴ് വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാനുള്ള മാര്‍ഗമെന്ന് പാര്‍ട്ടിക്കാര്‍ക്ക് അറിയാം. അതിനുള്ള എല്ലാ അടവുകളും പയറ്റുന്നുണ്ട്.
Next Story

RELATED STORIES

Share it