Kollam Local

പാലം കയറിയ ദുരന്തം...



അന്‍സര്‍ തേവലക്കര

ചവറ: കെഎംഎംഎംഎല്‍ എംഎസ് പ്ലാന്റിലേക്കുള്ള പാലം തകര്‍ന്ന് ടിഎസ് കനാലില്‍ വീണ് മൂന്ന് കമ്പനി ജീവനക്കാരികള്‍ മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ ചവറ. എഴുപതോളം പേരാണ് അപകടത്തില്‍പ്പെട്ടത്. 46 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15 ഓടെയായിരുന്നു ദുരന്തമുണ്ടായത്. ജോലിക്കായി കമ്പനിയിലേക്ക്  വന്ന ജീവനക്കാര്‍ പാലത്തില്‍ കയറുകയും കമ്പനിക്ക് മുന്നില്‍ ധര്‍ണ നടത്തി പിരിയുകയായിരുന്ന മൈനിങ് പ്രദേശത്തെ കരാര്‍ തൊഴിലാളികള്‍ പാലത്തില്‍ നിന്നിറങ്ങുന്നതിനിടെയുമാണ് അപകടം ഉണ്ടായത്. ഇരുമ്പ് പാലത്തിന്റെ തുരുമ്പ് വന്ന ഒരു ഭാഗം ഒടിയുകയും അതേ സമയം പടിഞ്ഞാറ് വശത്തെ തൂണിളകി കനാലിലേക്ക് പതിക്കുകയായിരുന്നു.  തെറിച്ചു വെള്ളത്തില്‍ വീണവരുടെ മുകളിലേക്ക് പാലം തകര്‍ന്ന് വീണതും കമ്പികള്‍ക്കിടയില്‍ കുരുങ്ങിയതുമാണ് കൂടുതല്‍ പേര്‍ക്കു പരിക്കേല്‍ക്കാന്‍ കാരണമായത്. ഗുരുതരമായി പരിക്കേറ്റ് കരുനാഗപ്പള്ളിയിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്മന കൊല്ലക കൈരളിയില്‍ ശ്യാമളാ ദേവി പതിനൊന്ന് മണിയോടെയാണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെ തകര്‍ന്ന പാലം യന്ത്രസഹായത്തോടെ ഉയര്‍ത്തിയ ശേഷമാണ് ചവറ മേക്കാട് സ്വദേശിനികളായ ജി ജി എന്‍ വില്ലയില്‍ പരേതനായ ഷിബുവിന്റെ ഭാര്യ അന്നമ്മ (46), ഫിലോമിന മന്ദിരത്തില്‍ ക്രിസ്റ്റഫറിന്റെ ഭാര്യ ആഞ്ജലീന (47) എന്നിവര്‍ മരിച്ച വിവരമറിഞ്ഞത്.കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയുടെ ഭാഗമാണ് ടിഎസ് കനാല്‍. നാളുകളായി കുടിയൊഴിപ്പിക്കപ്പെട്ട മൈനിങ് മേഖലയിലെ നിവാസികള്‍ അനിശ്ചിത കാല സമരത്തിലാണ്. ഇന്നലെ ദുരന്തത്തിന് തൊട്ടുമുമ്പുള്ള സമയം കമ്പനി ജീവനക്കാര്‍ കിഴക്കേ കരയിലായിരുന്നു. 10 ഓടെ പ്രതിഷേധം അവസാനിപ്പിച്ച തൊഴിലാളികള്‍ ഇക്കരെ കടക്കാന്‍ പാലത്തില്‍ കയറിയതോടെ മറുകരയില്‍ നിന്നും ജീവനക്കാരും പാലത്തില്‍ കയറി. പാലത്തില്‍ തിരക്ക് കൂടിയതോടെ വന്‍ ശബദത്തില്‍ ഇരുമ്പ് തൂണുകള്‍ പൊട്ടി പാലം കനാലിലേക്ക് പതിക്കുകയായിരുന്നു. നിലവിളിയും പാലം തകരുന്ന ശബ്ദവും കേട്ടോടി വന്ന തൊഴിലാളികള്‍ കനാലിലേക്ക് ചാടിയിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. പരിക്കേറ്റവരെ കമ്പനി ആംബുലന്‍സിലും ഫയര്‍ ഫോഴ്‌സ്, പോലിസ് എന്നിവരുടെ ആംബുലന്‍സുകളിലാണ് ആശുപത്രികളിലെത്തിച്ചത്. ചവറ, കരുനാഗപ്പള്ളി ഫയര്‍ യൂനിറ്റുകളും, കരുനാഗപ്പള്ളി, ചവറ, തെക്കുംഭാഗം, പോലിസും എത്തിയതോടെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലായി.  ഇരുമ്പു തൂണുകളില്‍ സ്ഥാപിച്ച പാലം തുരുമ്പെടുത്ത നിലയിലായിരുന്നു. പരിക്കേറ്റവര്‍ക്ക് കമ്പനി ചെലവില്‍ മതിയായ ചികില്‍സ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ് എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എംഎല്‍എമാരായ എന്‍ വിജയന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ കാര്‍ത്തികേയന്‍, കെ എന്‍ ബാലഗോപാല്‍, സൂസന്‍ കോടി, എസ് ശോഭ, തങ്കമണി പിള്ള എന്നിവര്‍ സംഭവസ്ഥലവും, പരിക്കേറ്റവര്‍ ചികില്‍സയിലുള്ള ആശുപത്രിയും സന്ദര്‍ശിച്ചു. അപകടത്തെ കുറിച്ച് വിശദമായ റിപോര്‍ട്ട് കലക്ടര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it