പാറ്റൂര്‍: ലോകായുക്തയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: പാറ്റൂര്‍ ഭൂമിദാനക്കേസിലുള്‍പ്പെട്ട 4.356 സെന്റ് സ്ഥലം തിരിച്ചുപിടിക്കണമെന്ന ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ലോകായുക്തയുടെ ഏപ്രില്‍ 10ലെ ഉത്തരവിനെതിരേ സ്വകാര്യ ബില്‍ഡറായ ആര്‍ടെക് റിയല്‍റ്റേഴ്‌സ് നല്‍കിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പാറ്റൂരില്‍ ആര്‍ടെക് റിയല്‍റ്റേഴ്‌സിന്റെ ഫഌറ്റ് നിര്‍മാണത്തിനായി വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ്‌ലൈന്‍ മാറ്റിനല്‍കിയത് വഴി സര്‍ക്കാരിന് 16.635 സെന്റ് ഭൂമി നഷ്ടമായെന്നാണ് കേസ്. ഇതില്‍ 12.279 സെന്റ് സ്ഥലം നേരത്തെ ലോകായുക്തയുടെ ഉത്തരവു പ്രകാരം ജില്ലാ കലക്ടര്‍ ഏറ്റെടുത്തിരുന്നു. ബാക്കി 4.356 സെന്റ് കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത നല്‍കിയ നിര്‍ദേശമാണു ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.
പാറ്റൂരിലെ ഫഌറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് ആമയിഴഞ്ചാ ന്‍ തോടിനോടു ചേര്‍ന്നുള്ള സ്ഥലമാണ് ഇപ്പോള്‍ ഏറ്റെടുക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുള്ളത്. ഫഌറ്റിന്റെ ഒരു ഭാഗം ഈ ഭൂമിയിലാണ്. സ്ഥലമേറ്റെടുക്കുമ്പോള്‍ ഈ ഭാഗം പൊളിക്കേണ്ടിവരുമെന്നു ചൂണ്ടിക്കാട്ടിയാണ് ആര്‍ടെക് ബില്‍ഡേഴ്‌സ് ഹരജി നല്‍കിയത്.
പാറ്റൂരിലെ വിവാദഭൂമിയില്‍ പൈപ്പ് മാറ്റിയിട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ തുടങ്ങിയവരെ ഫെബ്രുവരി ഒമ്പതിന് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സ്ഥലം കൈയേറിയ വിഷയത്തില്‍ ലോകായുക്തയ്ക്കു നടപടി തുടരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണു സ്ഥലം ഏറ്റെടുക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it