പാറ്റൂര്‍ ഭൂമി ഇടപാട്: മുഖ്യമന്ത്രിക്കെതിരേ വിഎസ് ഹരജി നല്‍കി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കോടതിയിലെത്തി. മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വിഎസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
കോടതിയില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയടക്കം ആറുപേരെ പ്രതിചേര്‍ത്ത് വിഎസ് ഹരജി നല്‍കിയത്. മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. അടുത്തമാസം 30ന് കോടതി കേസ് പരിഗണിക്കും. തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്ക് ഭുമി കൈയേറി ഫഌറ്റ് നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് ആരോപണം. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന് വിജിലന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപോര്‍ട്ട് അനാവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്.
ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാറ്റൂരില്‍ ഏതായാലും തനിക്ക് ഫഌറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് ആരേയും പേടിപ്പിക്കാന്‍ കഴിയില്ല. വിഎസിന്റെ കാലത്ത് അഞ്ചു വര്‍ഷം ഒന്നും ചെയ്യാതിരുന്നിട്ട് ഈ സര്‍ക്കാരിനെ വിവാദങ്ങളില്‍ തളച്ചിടാമെന്നു കരുതിയാല്‍ അതു നടക്കില്ല. ദേശീയ ഗെയിംസ് നടത്തിയപ്പോള്‍ മന്ത്രിമാരെയൊക്കെ ജയിലില്‍ പോയി കാണാമെന്നാണ് വിഎസ് പറഞ്ഞത്. ഇപ്പോള്‍ അതേക്കുറിച്ച് ഒരു മിണ്ടാട്ടവുമില്ല. 278 സ്‌കൂളുകളില്‍ പഠിക്കുന്ന മനോവൈകല്യമുള്ള കുട്ടികള്‍   ആരുടെയെങ്കിലും ഔദാര്യത്തിലും സഹായത്തിലുമാണു പഠിച്ചിരുന്നത്. അതു മനസ്സിലാക്കി 278 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡാക്കിയപ്പോള്‍ താന്‍ വന്‍തുക കോഴ വാങ്ങിയാണ് അതു ചെയ്തതെന്ന് മൂന്നു തവണ വിഎസ് വാര്‍ത്താക്കുറിപ്പിറക്കി. ഇപ്പോള്‍ അതേക്കുറിച്ച് അദ്ദേഹം മിണ്ടുന്നില്ല. അഴിമതിയും അഴിമതിയാരോപണവും രണ്ടും രണ്ടാണ്. അഴിമതിയെ ശക്തമായി എതിര്‍ക്കും.
മാണിസാറിന്റെ കാര്യത്തില്‍ അദ്ദേഹത്തെ ഡിഫന്റ് ചെയ്യുന്ന വിഎസും കോടിയേരിയും ഇപ്പോഴെങ്കിലും തന്റെ നിലപാടിലേക്കു വന്നതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it