പാറ്റൂര്‍ ഫഌറ്റ് നിര്‍മാണം; ജേക്കബ് തോമസ് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന് ലോകായുക്ത

കൊച്ചി: പാറ്റൂര്‍ ഫഌറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ കഴിയില്ലെന്ന് ലോകായുക്ത. ലോകായുക്തയുടെ നിലപാടിനെതിരെ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് വിവരാവകാശ പ്രവര്‍ത്തകനും ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ അഡ്വ ഡി ബി ബിനു പറഞ്ഞു.
അന്വേഷണ മധ്യേ ലോകായുക്തയ്ക്ക് ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യ സ്വഭാവമുള്ളതായി കണക്കാക്കണമെന്നാണ് ലോകായുക്ത ആക്ട് സെക്ഷന്‍ 17(1) ല്‍ പ്രതിപാദിക്കുന്നത്. അതിനാല്‍, ഇതിന്റെ പകര്‍പ്പുകള്‍ നല്‍കാനാവില്ലെന്നാണ് ലോകായുക്ത സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ടോമി വര്‍ഗീസ് അഡ്വ ഡി ബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വിവരാവകാശ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ പ്രകാരം മാത്രമെ നിരാകരിക്കാന്‍ പാടുള്ളൂ. എന്നാല്‍, ഇതിനു വിരുദ്ധമായി ലോകായുക്തയുടെ വകുപ്പ് പ്രകാരമാണ് തന്റെ അപേക്ഷ നിരാകരിച്ചിരിക്കുന്നതെന്നും ഡി ബി ബിനു പറഞ്ഞു. വിജിലന്‍സിലായിരുന്നു ആദ്യം റിപോര്‍ട്ടിന്റെ പകര്‍പ്പ് തേടി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത് .
എന്നാല്‍, റിപോര്‍ട്ട് ലോകായുക്തയുടെ പക്കലാണെന്നായിരുന്നു വിജിലന്‍സില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്നാണ് ലോകായുക്തയില്‍ അപേക്ഷ നല്‍കിയതെന്നും ഡി ബി ബിനു പറഞ്ഞു. പാറ്റൂര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതൃത്വത്തിനെതിരേ വരെ ആരോപണം ഉയര്‍ന്നതാണ്. അതുകൊണ്ടു തന്നെ ഇത് പൊതുതാല്‍പര്യ വിഷയമാണെന്നും ഡി ബി ബിനു പറഞ്ഞു.
Next Story

RELATED STORIES

Share it