Flash News

പാറ്റൂര്‍ കേസ് : ഫയലുകള്‍ പിടിച്ചെടുക്കണമെന്ന് വിജിലന്‍സ്



കൊച്ചി: പാറ്റൂരിലെ സ്വീവേജ് പൈപ്പ് മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിവിധ വകുപ്പുകളിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ കൈകാര്യംചെയ്ത ഫയലുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. റവന്യൂ, ജലവിഭവ വകുപ്പുകളും കേരള വാട്ടര്‍ അതോറിറ്റിയും കൈകാര്യംചെയ്ത സുപ്രധാന ഫയലുകള്‍ പരിശോധിച്ചശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട ആരോപണവിധേയരടക്കമുള്ളവരെ ചോദ്യംചെയ്യാനാവൂവെന്നും വിജിലന്‍സ് ഡിവൈഎസ്പി ജി എല്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അന്വേഷണപുരോഗതി റിപോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരായ പാറ്റൂര്‍ ഭൂമിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണു വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയത്. കേസന്വേഷണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളോട് പ്രധാന ഫയലുകള്‍ ആവശ്യപ്പെട്ടെങ്കിലും പ്രധാന ഫയലുകള്‍ കൈകാര്യംചെയ്ത റവന്യൂ, ജലവിഭവ വകുപ്പ് സെക്രട്ടറിമാരും വാട്ടര്‍ അതോറിറ്റി സ്വീവേജ് വിഭാഗം എക്‌സി. എന്‍ജിനീയറും അവ നല്‍കിയിട്ടില്ല. കേസിന്റെ രേഖകള്‍ ലോകായുക്തയില്‍ നല്‍കിയെന്നും തിരിച്ചു ലഭിക്കുന്ന മുറയ്ക്ക് ഹാജരാക്കാമെന്നുമാണ് ഇവര്‍ മറുപടി നല്‍കിയിട്ടുള്ളത്. ഈ രേഖകള്‍ ലഭിച്ചാലേ അന്വേഷണം പൂര്‍ണ തോതില്‍ നടത്താന്‍ കഴിയൂ. അതേസമയം, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി, വാട്ടര്‍ അതോറിറ്റി എംഡി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, സര്‍വേ ലാന്‍ഡ് റിക്കാര്‍ഡ്‌സ് ഡയറക്ടര്‍, വഞ്ചിയൂര്‍ വില്ലേജ് ഓഫിസര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ രേഖകള്‍ സമര്‍പ്പിച്ചു. ഇവ പിടിച്ചെടുത്ത് മഹസര്‍ തയ്യാറാക്കി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും തുടരന്വേഷണത്തിനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ രേഖകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. പാറ്റൂരിലെ വിവാദഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള അടിസ്ഥാന രേഖ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തുടര്‍ന്നു നടന്ന കൈമാറ്റങ്ങളും അസാധുവാണ്. ഇതു വ്യക്തമാക്കി രജിസ്‌ട്രേഷന്‍ ഐജിയും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍, ഭൂമിയുടെ ഉടമസ്ഥാവകാശം സംശയകരമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഈ സംശയം ദൂരീകരിക്കാനാവൂ. എങ്കിലും 1965നു മുമ്പാണ് വിവാദ ഭൂമിയില്‍ സ്വീവേജ് പൈപ്പ് സ്ഥാപിച്ചതെന്നതില്‍ നിന്നു ഭൂമി സര്‍ക്കാരിന്റേതായിരുന്നെന്ന് വിലയിരുത്താനാവും. ലോകായുക്ത 12.5 സെന്റ് വരുന്ന വിവാദ ഭൂമി തിരിച്ചുപിടിക്കാനും വേലി കെട്ടി തിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗതി റിപോര്‍ട്ടില്‍ പറയുന്നു. വാട്ടര്‍ അതോറിറ്റി സെക്രട്ടറിമാരെ ഒന്നും രണ്ടും ഭരത്ഭൂഷണെ മൂന്നും ഉമ്മന്‍ചാണ്ടിയെ നാലും സ്വകാര്യ നിര്‍മാതാക്കളെ അഞ്ചും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it