malappuram local

പാറലില്‍ മാലിന്യം ജൈവ വളമാക്കുന്ന നടപടികള്‍ തുടങ്ങി

പെരിന്തല്‍മണ്ണ: തൂത പാറലില്‍ അനധികൃതമായി തള്ളിയത് കോഴിമാലിന്യമാണെന്ന് സ്ഥിരീകരിച്ചു. പതിനെട്ട് കൂറ്റന്‍ കുഴികളിലായി തള്ളിയ മാലിന്യം പുറത്തെടുത്ത് ജൈവ വളമാക്കുന്ന നടപടി ഇന്നലെ ആരംഭിച്ചു. ജില്ലാ ശുചിത്യമിഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ വറ്റലൂരിലെ ഗ്രീന്‍വാലി ജൈവ പച്ചക്കറി ഉല്‍പാദക സംരംഭകന്‍ ഉമ്മര്‍കുട്ടി, പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദറലി വറ്റലൂര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കുഴികള്‍ തുറന്ന് പരിശോധിച്ചത്. ആലിപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സിനി, വൈസ്പ്രസിഡന്റ് മോഹന്‍ദാസ് എന്ന അപ്പു എന്നിവരും എത്തിയിരുന്നു.
അഞ്ച് മീറ്റര്‍ ആഴത്തിയും നാല് മീറ്റര്‍ നീളവും വീതിയുമുള്ള കുഴികളില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇവ വന്‍കിട കോഴിക്കടകളില്‍ നിന്നുള്ളവയാണെന്ന് ഖാദറലി വറ്റലൂര്‍ പറഞ്ഞു. പത്ത് ദിവസത്തെ മാലിന്യം കൂമ്പാരമാക്കി ഓരോ കുഴിയിലും തള്ളിയതാവാമെന്ന നിഗമനത്തിലാണ് ഇവര്‍. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം പുറത്തെടുത്ത് ഇഎം സൊലൂഷന്‍സ് ബാക്ടീരിയ ലായനി തളിച്ച് ദുര്‍ഗന്ധ രഹിതമാക്കുന്നതാണ് ആദ്യ നടപടി. പിന്നീട് ഇവ സ്വയം വളമായിമാറും. മിക്ക കുഴികളിലെയും മാംസാവശിഷ്ടം മണ്ണില്‍ ഊര്‍ന്നിറങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ മണ്ണിനോട് ലയിച്ച ഭാഗം കൂടി കോരി പുറത്തെടുക്കേണ്ടി വരും. ഈച്ചകള്‍ പെരുകാതിരിക്കാന്‍ ബഌച്ചിങ് പൗഡറും കുമ്മായവും പുറത്തെടുത്ത മാലിന്യങ്ങള്‍ക്ക് മേല്‍ വിതറുന്നുണ്ട്.
പ്രദേശത്ത് ഈച്ചകള്‍ പെരുകി ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, അതിസാരം, വയറിളക്കം തുടങ്ങിയവ പടര്‍ന്നു പിടിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ സമീപവാസികള്‍ ജാഗ്രത പാലിക്കാന്‍ ആലിപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പ് നല്‍കി.
സമീപത്തെ വീടുകളിലും കടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാവൂവെന്നും, പ്രദേശത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ വഴിയോരങ്ങളില്‍ സര്‍ബത്ത്, കരിമ്പ് ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വില്‍ക്കരുതെന്നും ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it