Kottayam Local

പാറയ്ക്കല്‍ കടവിലെ കടത്തുവള്ളം മുങ്ങി



തലയോലപ്പറമ്പ്: വെള്ളൂര്‍ പഞ്ചായത്തിനെയും മറവന്‍തുരുത്ത് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാറയ്ക്കല്‍ കടവിലെ കടത്തുവള്ളം മുങ്ങി. വെള്ളൂര്‍ പഞ്ചായത്തിനാണ് ഇതിന്റെ നടത്തിപ്പ്. വള്ളത്തിന്റെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതാണ് വള്ളം മുങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കേടുപാടു സംഭവിച്ച വള്ളത്തെ കുറിച്ചു പലതവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും വേണ്ടത്ര ഗൗരവം കൊടുക്കാത്തതാണു കാരണമെന്നും ആക്ഷേപമുണ്ട്. തലയോലപ്പറമ്പ് മാര്‍ക്കറ്റില്‍ വരുന്നവരും സ്‌കൂള്‍ കുട്ടികളുമടക്കം നിരവധി ആളുകള്‍ ആശ്രയിക്കുന്ന കടത്താണിത്. 15 പേര്‍ക്ക് കയറാവുന്ന വള്ളം ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മണകുന്നം കടവില്‍ യാത്രക്കാരെ ഇറക്കിയശേഷം തിരികെ പാറയ്ക്കലേക്കു പോവുന്നതിനിടെ വെള്ളം കയറുകയായിരുന്നു. കടവില്‍ എത്തിയപ്പോള്‍ വള്ളം പൂര്‍ണമായി മുങ്ങി. ആ സമയത്ത് വള്ളത്തില്‍ കടത്തുകാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. സ്‌കൂള്‍ അധ്യയന വര്‍ഷം ഇന്ന് ആരംഭിക്കാനിരിക്കെ കടത്തുവള്ളം ഇല്ലാത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാഴ്ത്തും. അടിയന്തരമായി പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it