Kollam Local

പാറയുടെ ലഭ്യത കുറവ്‌ : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്ന ആശങ്കയില്‍ ജില്ലാ പഞ്ചായത്ത്



കൊല്ലം: ക്വാറികളില്‍ നിന്ന് പാറ കിട്ടാത്ത സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പലതും മുടങ്ങാന്‍ സാധ്യതയെന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍. പ്രവര്‍ത്തികള്‍ പലതും സ്തംഭിച്ച ഗുരുതര സ്ഥിതിവിശേഷമാണെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ പരാതിപ്പെട്ടു. ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ വിലങ്ങുതടിയാകുമെന്ന മുന്നറിയിപ്പാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത്. പാറ കിട്ടാനില്ലാത്ത സാഹചര്യത്തെ തുടര്‍ന്നുളവായ ഗുരുതരമായ സ്ഥിതിവിശേഷം ശ്രദ്ധയില്‍കൊണ്ടുവന്നത് സിപിഎം അംഗം എസ് ഫത്തഹുദ്ദീനാണ്. ജൂണ്‍ 30നകം പൂര്‍ത്തീകരിക്കേണ്ട 60ഓളം പ്രവൃത്തികള്‍ ഇതുമൂലം മുടങ്ങിക്കിടക്കുകയാണ്. പാറയ്ക്ക് പകരം കോണ്‍ക്രീറ്റ് ചെയ്ത് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണം. ഓഡിറ്റ് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യം ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അംഗം ആവശ്യപ്പെട്ടു. എന്നാല്‍ പ്രവൃത്തിയുടെ സ്വഭാവം മാറുന്നതുകൊണ്ട് സാങ്കേതിക തടസം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതര്‍ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് സ്ഥിരംസമിതി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അടിയന്തര സ്വഭാവമുള്ള കുറേ പ്രവൃത്തികളില്‍ പാറയ്ക്കു പകരം കോണ്‍ക്രീറ്റ് ചെയ്യാന്‍ ധാരണയായതായും സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍ ജയപ്രകാശ് അറിയിച്ചു. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉറപ്പുനല്‍കി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ദുഃസ്ഥിതി മാറ്റാന്‍ കഴിയുന്ന, ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സിപിഐ അംഗം എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരവിതരണം, ആദിവാസി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണം തുടങ്ങിയ പഴകിപ്പതിഞ്ഞ പദ്ധതികള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ആദിവാസി ഊരുകളില്‍ ഇപ്പോഴും കാണാന്‍ കഴിയുന്നത്. ഉദ്യോഗസ്ഥരുടെ പക്കലുള്ള റെഡിമെയ്ഡ് പദ്ധതികളാണ് പലപ്പോഴും പ്രോജക്ടുകളായി വരുന്നത്. ആദിവാസികളുടെ ജീവിതസാഹചര്യങ്ങള്‍ മാറ്റിമറിക്കാനുതകുന്ന പദ്ധതികളാണ് ആവശ്യമെന്നും അംഗം ചൂണ്ടിക്കാട്ടി. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ നിന്ന് പതിവായി വിട്ടുനില്‍ക്കുന്നതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it