kozhikode local

പാറമടയുടെ പ്രവര്‍ത്തനം മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി

കൊച്ചി: കോഴിക്കോട് കൂമ്പാറയിലെ സ്വകാര്യ പാറമടയുടെ പ്രവര്‍ത്തനം മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. കൂമ്പാറ മതാളിക്കുന്നിലെ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള മതാളിക്കുന്നേല്‍ പാറമടയുടെ പ്രവര്‍ത്തനമാണു പരിസ്ഥിതി നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനാല്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഒരു മാസത്തേക്ക് മരവിപ്പിച്ചിരുന്നത്.
വനാതിര്‍ത്തിയില്‍ നിന്ന് നാലുമീറ്റര്‍ അടുത്താണു ഖനനം നടക്കുന്നതെന്ന് ഇന്നലെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുത്തനെ വലിയ തോതിലുള്ള ചൂഷണമാണ് പ്രദേശത്തു കമ്പനി നടത്തിയിരിക്കുന്നത്. ഇതു മൂലം പ്രദേശം മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എല്ലാ റിപോര്‍ട്ടും നിലവില്‍ കമ്പനിക്കെതിരാണെന്നു കോടതി വാക്കാല്‍ നിരീക്ഷിച്ചു.
പരിസ്ഥിതി അനുമതി ലംഘിച്ചാണു പാറമട പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ കോഴിക്കോട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കോടതിയെ അറിയിച്ചിരുന്നു. വനാതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ഖനനം അനുവദിക്കൂ എന്ന ചട്ടമാണു പാറമട ലംഘിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവര്‍ത്തനം നിര്‍ത്താന്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നതായും വനംവകുപ്പ് കോടതിയില്‍ വ്യക്തമാക്കി.
ഇത് കേട്ട കോടതി സ്വകാര്യ പാറമടയ്ക്ക് എതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിലയിരുത്തി. അഴിമതിയുണ്ടോയെന്ന് അറിയാന്‍ പ്രാഥമിക അന്വേഷണം വേണമെന്നു വ്യക്തമാക്കിയ കോടതി അന്വേഷണം നടത്താന്‍ വടക്കന്‍ മേഖലാ വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കോടതിയില്‍ റിപോര്‍ട്ട് നല്‍കണം.
Next Story

RELATED STORIES

Share it