പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നിലപാടുകള്‍ നിര്‍ണായകമാകും

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നിലപാടുകള്‍ തന്നെയാകും. മുന്‍കാലങ്ങളില്‍ ഈ വിഭാഗത്തിനു നല്‍കിയ ആനുകൂല്യങ്ങളുടെയും ചെയ്ത സേവനങ്ങളുടെയും മറപറ്റി മുന്നണികളും സ്ഥാനാര്‍ഥികളും പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഇവരുടെ പിന്തുണ ഏതു മുന്നണിക്ക് എന്നത് നിര്‍ണായകമാണ്.
മണ്ഡലത്തില്‍ മുളക്കുഴ, കൊല്ലക്കടവ്, വെണ്മണി, മാന്നാര്‍ എന്നിവിടങ്ങളില്‍ മുസ്‌ലിം സമുദായത്തിനു നിര്‍ണായക സ്വാധീനമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ സമുദായത്തെ താലോലിക്കുകയും പിന്നീട് സമൂഹത്തിന്റെ പിന്നാമ്പുറത്തേക്കു തള്ളുകയും അവഗണിക്കുകയും ചെയ്യുന്ന നേതാക്കളുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്യും.
പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍, വിശ്വകര്‍മജര്‍ തുടങ്ങിയവരുടെ എണ്ണവും മണ്ഡലത്തില്‍ കുറവല്ല. ചെങ്ങന്നൂര്‍, മാന്നാര്‍, മുളക്കുഴ എന്നിവിടങ്ങളില്‍ വിശ്വകര്‍മജര്‍ക്ക് ഗണ്യമായ സ്വാധീനവും ശക്തിയുമുണ്ട്. ഇവരുടെ നിലപാടുകളും ജയപരാജയത്തിന്റെ ഘടകമാകും. തങ്ങളെ വോട്ടുബാങ്കായും ചൂഷണം ചെയ്യാന്‍ പറ്റുന്ന ഉപകരണമായും മാറ്റിക്കൊണ്ടിരിക്കുന്ന കപടനേതൃത്വത്തെ സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ നാളുകളില്‍ വേട്ടയാടപ്പെട്ട ന്യൂനപക്ഷങ്ങള്‍ ഇക്കുറി ആര്‍ക്ക് അനുകൂലമായി ചിന്തിക്കും എന്നതു മാത്രമാണ് വിജയത്തിന്റെ മാനദണ്ഡം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥിയാകാനും നേതൃത്വത്തിലേക്ക് ഉയരാനും മുന്നാക്ക സമുദായത്തിന്റെ പ്രതിനിധികളും, കൊടിപിടിക്കാനും രക്തസാക്ഷിയാകാനും പ്രചാരണം നടത്താനും പാവപ്പെട്ടവനും എന്ന സമത്വമില്ലായ്മ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു.
ആരാധനാലയങ്ങളില്‍ പോകുന്ന വിശ്വാസിയെപ്പോലും സംശയക്കണ്ണുകളോടെ നോക്കുന്ന കപട രാഷ്ട്രീയ നേതൃത്വം തങ്ങളോട് മുന്‍കാലങ്ങളില്‍ സ്വീകരിച്ച സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി സമ്മതിദാനാവകാശമെന്ന് ഏറക്കുറേ ഉറപ്പായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു സമയത്ത് ചേര്‍ത്തുപിടിക്കുകയും പിന്നീട് തീണ്ടാപ്പാടകലെ നിര്‍ത്തുകയും ചെയ്യുന്ന സവര്‍ണ മേധാവിത്വത്തിനെതിരേയാകും ഇക്കുറി ചെങ്ങന്നൂരിലെ വിധിയെഴുത്ത്.
Next Story

RELATED STORIES

Share it