പാര്‍ലമെന്റ് ശീതകാല സമ്മേളനം; അടിയന്തരാവസ്ഥയെ ഹിറ്റ്‌ലര്‍ ഭരണത്തോട് ഉപമിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ ഹിറ്റ്‌ലറുടെ കിരാത വാഴ്ചയോട് ഉപമിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ഭരണഘടനയോടുള്ള പ്രതിബദ്ധത എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യസഭയില്‍ എത്തിയിരുന്നു. എന്നാല്‍, ഭരണഘടനാ ശില്പികളെ ആദരിക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മറക്കുന്നതാണ് അസഹിഷ്ണുതയുടെ തെളിവെന്നായിരുന്നു ഇതിന് കോണ്‍ഗ്രസ്സിന്റൈ മറുപടി. ഇന്ദിരയെ ഹിറ്റ്‌ലറോടുപമിച്ചതിനെതിരേ പ്രതിപക്ഷം ശബ്ദം ഉയര്‍ത്തി. എന്നാല്‍, ഇത് താരതമ്യം അല്ലെന്നും എലിയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമാണെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി.
തീവ്രവാദത്തിനെതിരേയാണ് നാം പോരാടേണ്ടത്. തീവ്രവാദക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ചിലര്‍ അവരെ രക്തസാക്ഷികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ഏകീകൃത സിവില്‍ കോഡ്, ഗോവധ നിരോധനം എന്നിവ സംബന്ധിച്ച 44, 48 വകുപ്പുകളെക്കുറിച്ച് 1949ല്‍ അംബേദ്കര്‍ നടത്തിയ പ്രസംഗം ഇന്നായിരുന്നെങ്കില്‍ സഭ എങ്ങിനെ പ്രതികരിക്കുമായിരുന്നു. പ്രത്യേക മതാചാരങ്ങള്‍ക്കു പ്രാമുഖ്യമോ മതാധിഷ്ഠിത ഭരണമോ നടക്കില്ല. ഭരണഘടനയെ ശാക്തീകരിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇനി അനുവദിക്കില്ലെന്നും അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി ജയ്റ്റ്‌ലി പറഞ്ഞു.
അതേസമയം, ഭരണഘടന ചര്‍ച്ചയില്‍ നെഹ്‌റുവിനെ മറന്നു സംസാരിച്ചത് അസഹിഷ്ണുതയുടെ തെളിവാണെന്ന് ഗുലാം നബി ആസാദ് മറുപടി നല്‍കി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നതു തന്നെയാണ് അസഹിഷ്ണുത. നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാനുള്ള സര്‍ക്കാര്‍ നീക്കംതന്നെ ചരിത്രത്തെ മാറ്റിയെഴുതുന്നതിനു തുല്യമാണ്. ഭരണഘടനാദിനം ആചരിക്കുന്നതിനു പിന്നിലെ ഭരണപക്ഷ താല്‍പര്യമാണ് ഇതോടെ വെളിവായിരിക്കുന്നത്. എവിടെനിന്നാണ് നവംബര്‍ 26 എന്ന പുതിയ ദിനം കടന്നുവന്നതെന്നായിരുന്നു ഗുലാം നബി ആസാദിന്റെ ചോദ്യം. അംബേദ്കര്‍ നല്‍കിയ ജനുവരി 26 എന്ന ദിവസത്തിന് എന്ത് സംഭവിച്ചുവെന്നും റിപ്പബഌക് ദിനം നവംബര്‍ 26ലേക്കു മാറ്റാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നെഹ്‌റുവിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്. ഭരണഘടനയുടെ സത്ത തന്നെ അതിന്റെ ആമുഖമാണ്. ഭരണഘടനാ ശില്പികളെയെല്ലാം ആദരിക്കുന്നതായി പ്രഖ്യാപിക്കുമ്പോഴും നെഹ്‌റുവിന്റെ പേര് പറയാന്‍ പോലും എന്തിനാണ് മടിക്കുന്നതെന്ന് ഗുലാം നബി ആസാദ് ചോദിച്ചു.
Next Story

RELATED STORIES

Share it