പാര്‍ലമെന്റ് മൂന്നാം ദിവസവും സ്തംഭിച്ചു

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തിയ പരാമര്‍ശം തുടര്‍ച്ചയായി മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളെയും ബഹളത്തില്‍ മുക്കി. ലോക്‌സഭയിലെ ആദ്യനടപടിയായ ചോദ്യോത്തരവേളയില്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയമുന്നയിച്ച് മുദ്രാവാക്യം വിളി ആരംഭിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പാകിസ്താനുമായി ബന്ധിപ്പിച്ച് മോദി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രതിഷേധം ശക്തമായതോടെ 11.30ന് സഭ അരമണിക്കൂര്‍ പിരിയുന്നതായി അറിയിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും സഭാ നടപടികള്‍ നടത്തേണ്ടതില്ലെങ്കില്‍ അക്കാര്യം എഴുതിത്തരണമെന്നും സ്പീക്കര്‍ പറഞ്ഞു. 12 മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും സഭാനടപടികള്‍ നിര്‍ത്തിവച്ച് മോദിയുടെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സുമിത്രാ മഹാജന്‍ തള്ളി. ഇതോടെ, കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിയും പ്രതിഷേധവും ശക്തമാക്കി. എന്നാല്‍, തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചെന്നും വഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ലമെന്റിലേക്കു കൊണ്ടുവരേണ്ടതില്ലെന്നുമായിരുന്നു സുമിത്രാ മഹാജന്റെ മറുപടി. വിഷയം സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തെച്ചൊല്ലി രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ കമ്പനീസ് ഭേദഗതി ബില്ല് 2017 ഇന്നലെ രാജ്യസഭയുടെ പരിഗണനയ്ക്കു വച്ചു. എന്നാല്‍, ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് മന്ത്രി വിശദീകരിക്കണമെന്ന് പി ചിദംബരം പറഞ്ഞു. ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് പ്രത്യേക നിയമവും വന്‍കിട കമ്പനികള്‍ക്കു മാത്രമായി സമഗ്രമായ കമ്പനി നിയമവും വേണമെന്നും അദ്ദേഹം പറഞ്ഞു. 131 നിയമങ്ങള്‍ പിന്‍വലിക്കുന്ന ദുര്‍ബലമാക്കലും ഭേദഗതി ചെയ്യലും (രണ്ടാമത്തെ) ബില്ല് ലോക്‌സഭ പാസാക്കി. ഇതില്‍ 30 നിയമങ്ങള്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ളതാണ്. സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 പിന്‍വലിക്കണമെന്ന് പിനാകി മിശ്ര എംപി ആവശ്യപ്പെട്ടു. സെന്‍ട്രല്‍ റോഡ് ഫണ്ട് (ഭേദഗതി) ബില്ല് 2017 ലോക്‌സഭയിലും രാജ്യത്തെ ഐഐഎമ്മുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ബില്ല് 2017 രാജ്യസഭയിലും പാസാക്കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ആന്റ് എനര്‍ജി ബില്ല് 2017ഉം ഇന്നലെ രാജ്യസഭ പാസാക്കി. സ്ഥാവരസ്വത്തുക്കള്‍ ഒഴിപ്പിക്കലും ആവശ്യപ്പെടലും (ഭേദഗതി) ബില്ല് 2017 അടക്കം നാലു ബില്ലുകളാണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്.
Next Story

RELATED STORIES

Share it