പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമെങ്കില്‍ കോടതിക്ക് റദ്ദാക്കാം: രാം ജത്മലാനി

കൊച്ചി: പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നു നിയമജ്ഞനും എംപിയുമായ രാം ജത്മലാനി. സംസ്ഥാനത്തെ പബ്ലിക് പ്രോസിക്യുട്ടര്‍മാര്‍ക്കുവേണ്ടി ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍സ് കേരള സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷകര്‍ ജുഡീഷ്യറിയാണെന്നും അതിനാല്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പരമാധികാരം ചോദ്യംചെയ്യാനാവില്ലെന്നും രാംജത് മലാനി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി സര്‍ക്കാര്‍ ആണ്. അതിനാല്‍, സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഭരണകൂടത്തിന് യാതൊരുവിധ പങ്കും ഉണ്ടാവാന്‍ പാടില്ലെന്നും രാംജത് മലാനി പറഞ്ഞു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും 99ാം ഭരണഘടനാ ഭേദഗതിയും റദ്ദ് ചെയ്ത സുപ്രിംകോടതി വിധി ഭരണഘടനാപരമായി ശരിയാണ്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ല് രാജ്യസഭയില്‍ വോട്ടിനിട്ടപ്പോള്‍ അതിനെ എതിര്‍ത്തു വോട്ടുചെയ്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി അധ്യക്ഷത വഹിച്ചു.
അഡ്വ. ജനറല്‍ കെ പി ദണ്ഡപാണി, അഡീഷനല്‍ അഡ്വ. ജനറല്‍ കെ എ ജലീല്‍, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (അഡ്മിനിസ്‌ട്രേഷന്‍) വി സി ഇസ്മായില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it