പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയായ കീഴ്‌വഴക്കമല്ല: രഘുനന്ദന്‍ ശര്‍മ

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടിയേതായാലും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്ന് ബ്യൂറോ ഓഫ് പാര്‍ലമെന്ററി സ്റ്റഡീസ് അഡൈ്വസര്‍ രഘുനന്ദന്‍ ശര്‍മ. രാജ്യത്തിന് ഗുണമുണ്ടാവുന്ന രീതിയിലാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പെരുമാറേണ്ടത്. പാര്‍ലമെന്റ് നടപടികള്‍ നല്ല രീതിയില്‍ കൊണ്ടുപോവേണ്ട ഉത്തരവാദിത്തം ജനപ്രതിനിധികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റംഗത്തിന് സഭക്കുള്ളിലെ നടപടിക്രമങ്ങളും സ്പീക്കറുടെ റൂളിങുകളും പാലിക്കാനുള്ള ബാധ്യതയുണ്ട്. പുതുതായി പാര്‍ലമെന്റിലും നിയമസഭകളിലും എത്തുന്ന ജനപ്രതിനിധികള്‍, പുതിയ ഐപിഎസ്- ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പാര്‍ലമെന്ററി നടപടിക്രമങ്ങളെക്കുറിച്ച് പരിശീലനം നല്‍കുന്നതിന് 1976ല്‍ സ്ഥാപിതമായതാണ് ബ്യൂറോ ഓഫ് പാര്‍ലമെന്ററി സ്റ്റഡീസ്. നമ്മുടെ ജനാധിപത്യരീതികളും പാര്‍ലമെന്റ് നടപടിക്രമങ്ങളും പഠിക്കുന്നതിനായി വിദേശ രാജ്യങ്ങളില്‍നിന്നുപോലും ജനപ്രതിനിധികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യയില്‍ എത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും പുതുതായി ജനാധിപത്യപ്രക്രിയയിലേക്ക് ചുവടുമാറിയ രാജ്യങ്ങളില്‍നിന്നും പാര്‍ലമെന്ററി നടപടികളുടെ പഠനത്തിനായി നിരവധി പേര്‍ എത്തുന്നുണ്ട്.
ബില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ചും നിയമനിര്‍മാണത്തെക്കുറിച്ചും മികച്ച പരിശീലന ക്ലാസുകളാണ് പാര്‍ലമെന്റില്‍തന്നെ പ്രവര്‍ത്തിക്കുന്ന ബ്യൂറോയില്‍നിന്ന് ലഭിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് ക്ലാസുകളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയം മാറ്റിനിര്‍ത്തി രാജ്യത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സംബന്ധിച്ചും ക്ലാസുകള്‍ നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it