പാര്‍ലമെന്റില്‍ ഭീകരവാദികളുണ്ടെന്ന സാധ്വി പ്രാചിയുടെ പരാമര്‍ശം; പരാതി അവകാശ സമിതി പരിഗണിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഭീകരവാദികള്‍ ഉണ്ടെന്ന വി.എച്ച്.പി. നേതാവ് സാധ്വി പ്രാചിയുടെ വിവാദ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ എം.പിമാര്‍ സമര്‍പ്പിച്ച പരാതി രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി അവകാശകമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. രാജ്യസഭയിലെ പെരുമാറ്റരീതികള്‍ സംബന്ധിച്ച ചട്ടത്തിലെ 203ാം വകുപ്പുപ്രകാരമാണ് അവകാശകമ്മിറ്റിക്കു പരാതി കൈമാറിയത്.

പരാതി പരിശോധിച്ചശേഷം സമിതി അന്വേഷണം നടത്തുകയും റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.പാര്‍ലമെന്റിനകത്തും ഭീകരവാദികളുണ്ടെന്ന പ്രസ്താവന നടത്തിയ പ്രാചിക്കെതിരേ അവകാശലംഘന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് ഏഴിനായിരുന്നു 20 പ്രതിപക്ഷാംഗങ്ങള്‍ പരാതി നല്‍കിയത്.

രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, സി.പി.എം. നേതാവ് സീതാറാം യെച്ചൂരി, ടി.ആര്‍.എസ്. അംഗം കെ കേശവ് റാവു തുടങ്ങിയവര്‍ പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.പാര്‍ലമെന്റിന്റെ ബഹുമാന്യതയും എം.പിമാരുടെ അവകാശവും തന്റെ പ്രസ്താവനയിലൂടെ സാധ്വി പ്രാചി ലംഘിച്ചതായി എം.പിമാര്‍ പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, അംബികാസോണി, സി.പി.ഐയുടെ ഡി രാജ, എസ്.പി. അംഗം നീരജ് ശേഖര്‍, സി.പി.എമ്മിന്റെ തപന്‍ സെന്‍, ജെ.ഡി.യുവിന്റെ കെ സി ത്യാഗി എന്നിവരാണ് പരാതിയില്‍ ഒപ്പുവച്ച മറ്റ് എം.പിമാര്‍.ആഗസ്ത് ആറിനായിരുന്നു പ്രാചി തന്റെ വിവാദ പ്രസ്താവന നടത്തിയത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചില ഭീകരവാദികള്‍ ഇരിക്കുന്നത് വലിയ ദൗര്‍ഭാഗ്യമാണെന്നായിരുന്നു പ്രസ്താവന. യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരായ പ്രതിപക്ഷനേതാക്കളുടെ പ്രതികരണമായിരുന്നു പ്രാചിയെ പ്രകോപിപ്പിച്ചത്. കോടതി മേമന്‍ പ്രതിയാണെന്നു തെളിയിച്ചിട്ടുണ്ടെന്നും ഭീകരവാദികളെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളാണെന്നും സാധ്വി പറഞ്ഞിരുന്നു. സാധ്വിയുടെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it