പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാര—ണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തിയ പാകിസ്താന്‍ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പ്രധാനമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്നു പലതവണ നിര്‍ത്തി വച്ച ഇരുസഭകളും ഉച്ചയ്ക്കു 12ഓടെ പിരിഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനില്‍ ഗൂഢാലോചന നടത്തിയെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേയായിരുന്നു പ്രതിഷേധം. രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രധാനമന്ത്രിയുടെ പരാമര്‍ശം, ഓഖി ചുഴലിക്കാറ്റിലെ കേന്ദ്രസഹായം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിക്കുകയായിരുന്നു. വിഷയത്തില്‍ പല അംഗങ്ങളും അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ സുമിത്രാ മഹാജന്‍ അവതരണാനുനുമതി നല്‍കിയില്ല. എന്നാല്‍ അംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപത്ത് എത്തി ബഹളം ആരംഭിച്ചു. ഇതോടെ നടപടികള്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം തന്നെ ഉച്ചയ്ക്കു 12 വരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്നു സ്പീക്കര്‍ അറിയിച്ചു. പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു മുദ്രാവാക്യമുയര്‍ത്തിയ അംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നതു വച്ചു പൊറുപ്പിക്കില്ലെന്നു വ്യക്തമാക്കി. അതിനിടെ, ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും തങ്ങള്‍ വിജയിച്ചെന്നു വ്യക്തമാക്കി ബിജെപി എംപി കിരിത് സോമയ്യ എഴുന്നേറ്റതു ബഹളം രൂക്ഷമാക്കുകയും ചെയ്തു.ഉച്ചയ്ക്കു 12നു ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളത്തിനിടെ ഗ്രാറ്റുവിറ്റി ഭേദഗതി ബില്ല്, ജനപ്രാതിനിധ്യ നിയമ ഭേദഗതി ബില്ല്, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ (ഭേദഗതി) ബില്ല്, ഡെന്റിസ്റ്റ് ഭേദഗതി ബില്ല്, ഇന്ത്യന്‍ ഫോറസ്റ്റ് ഭേദഗതി ബില്ല് തുടങ്ങി അഞ്ചു ബില്ലുകള്‍ മന്ത്രിമാര്‍ അവതരിപ്പിച്ചു. 2017-18 വര്‍ഷത്തേക്കുള്ള ഗ്രാന്റുകളുടെ സപ്ലിമെന്ററി ഡിമാന്‍ഡുകളുടെ രണ്ടാംഘട്ടവും ലോക്‌സഭയില്‍ അവതരിപ്പിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ പരാമര്‍ശം വളരെ ഗൗരവമേറിയതാണെന്നും പിന്‍വലിച്ച് മാപ്പു പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി. ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം ഉയര്‍ത്തിക്കാട്ടി ഭരണകക്ഷി അംഗങ്ങളും മോദിയുടെ പാകിസ്താന്‍ പരാമര്‍ശം ഉയര്‍ത്തി പ്രതിപക്ഷവും ബഹളം വച്ചതോടെ 14 പ്രവൃത്തിദിനങ്ങള്‍ മാത്രമുള്ള പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായ രണ്ടാം ദിവസവും സഭാ നടപടികള്‍ ഒന്നും നടക്കാതെ പിരിഞ്ഞു. 14 പുതിയ ബില്ലുകളും തീരുമാനമാവാതെ കെട്ടിക്കിടക്കുന്ന 25 ബില്ലുകളും ശൈത്യകാല സമ്മേളനത്തില്‍ പരിഗണിക്കാനുണ്ട്.
Next Story

RELATED STORIES

Share it