പാര്‍പ്പിടത്തിന് നിര്‍മിച്ച അപ്പാര്‍ട്ട്‌മെന്റുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുത്

കൊച്ചി: ഹൗസിങ് ബോര്‍ഡ് പാര്‍പ്പിടാവശ്യത്തിന് നിര്‍മിച്ച അപ്പാര്‍ട്ട്‌മെന്റുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമസ്ഥാവകാശം കൈമാറി കഴിഞ്ഞാലും ഹൗസിങ് ബോര്‍ഡിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഉത്തരവ്.
കൊല്ലം ചിന്നക്കടയിലെ ഹൗസിങ് ബോര്‍ഡിന്റെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ പ്രവീണ്‍ ഡി ദേവ്, ഡാല്‍കിന്‍ കാര്‍മലൈറ്റ് ഡിക്രൂസ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ഹയര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റിലെ 19ാം ക്ലോസ് അനുസരിച്ച് പാര്‍പ്പിട സമുച്ചയങ്ങളില്‍ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വാണിജ്യാവശ്യത്തിന് അപ്പാര്‍ട്ട്‌മെന്റ് നല്‍കുന്നത് തങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാവുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
1971ലെ ഹൗസിങ് ബോര്‍ഡ് ആക്ടും 2000ത്തിലെ ഹൗസിങ് ബോര്‍ഡ് റഗുലേഷന്‍സ് അനുസരിച്ചും 1983ലെ കേരള അപ്പാര്‍ട്ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് അനുസരിച്ചും പാര്‍പ്പിടാവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.
കൂടാതെ ഹൗസിങ് കോംപ്ലക്‌സുകളുടെ വില്‍പന കരാറിന്റെ വ്യവസ്ഥയ്ക്ക് വിരുദ്ധമായ രീതിയില്‍ ഉപയോഗിച്ചാല്‍ ഹൗസിങ് ബോര്‍ഡിന് നടപടിയെടുക്കാം. വില്‍പന നടത്തിയതുകൊണ്ട് ബോര്‍ഡിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വില്‍പന നടത്തിയതിനാല്‍ തങ്ങള്‍ക്ക് നിയന്ത്രണം ഇല്ലെന്ന ഹൗസിങ് ബോര്‍ഡിന്റെ വാദം അംഗീകരിക്കാനാവില്ല. ഹൗസിങ് ബോര്‍ഡ് പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയാണ് അലോട്ടീസ് അസോസിയേഷന്‍ രൂപീകരിച്ചിരിക്കുന്നത്. അതിനാല്‍ പാര്‍പ്പിടാവശ്യത്തിന് വില്‍പന നടത്തിയതിനാല്‍ താമസക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്നത് തടയാനുള്ള ബാധ്യത അതോറിറ്റികള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ചിന്നക്കടയിലെ അപ്പാര്‍ട്ട്‌മെന്റ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് മൂന്ന് മാസത്തിനുള്ളില്‍ തടയണമെന്നും അതിനായി പോലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടാമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അഭിഭാഷകര്‍ അടക്കമുള്ള പ്രഫഷനലുകളുടെ ഓഫിസുകളുടെ പ്രവര്‍ത്തന—ത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it