Idukki local

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം;  കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പുറത്തായി

തൊടുപുഴ: പാര്‍ട്ടി-മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിനു വാലുമ്മേല്‍, സെക്രട്ടറി അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും നീക്കം ചെയ്തതായി. ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കട്ടപ്പന നഗരസഭയില്‍ മുന്നണി തീരുമാനങ്ങള്‍ക്കു വിരുദ്ധമായ നിലപാടു സ്വീകരിച്ചതിനാണ് ഇരുവരെയും പിറത്താക്കിയത്.പാര്‍ട്ടി സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഏതാനും ചില കൂട്ടാളികളെയും കൂട്ടി ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടതായും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതായും അവര്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല.
കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ പാര്‍ട്ടി ചെയര്‍മാനു മാത്രമേ അധികാരമുള്ളൂ. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും അംഗങ്ങളും മുഴുവന്‍ നിയോജകമണ്ഡലം പ്രസിഡന്റുമാരും മറ്റ് പ്രവര്‍ത്തകരും എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണ്. പുതിയ പ്രസിഡന്റിനെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുക്കും. യുഡിഎഫിനൊപ്പം ഇപ്പോള്‍ നില്‍ക്കുന്ന കട്ടപ്പന നഗരസഭയിലെ പാര്‍ട്ടി പ്രതിനിധിക്കു വിപ്പ് നല്‍കും.വിപ്പു ലംഘിച്ചാല്‍ നിയമനടപടികള്‍ കൈക്കൊള്ളും.
വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ജയന്‍ റാത്തപ്പള്ളി, സെക്രട്ടറി ജോസ് പി യു നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഡ്വ. മാത്യു തോട്ടുങ്കല്‍, ജോബി വെട്ടിക്കുഴി, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it