Idukki local

പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ; തൊടുപുഴ ഗതാഗത ഉപദേശക സമിതി യോഗം മാറ്റിവച്ചു



തൊടുപുഴ: അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ആരെയും ഔദ്യോഗികമായി ക്ഷണിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലെ പരിഷ്‌കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗം നടന്നില്ല. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗം മാറ്റി വെക്കുകയായിരുന്നു. ഇന്നലെ രാവിലെ 11ന് തൊടുപുഴ റസ്റ്റ് ഹൗസില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയാ ജബ്ബാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ആരംഭിച്ചത്. യോഗ നടപടികള്‍ തുടങ്ങുന്നതിനിടെ സിപിഎം നേതാവ് ടി ആര്‍ സോമനാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇതിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും രംഗത്തെത്തി. മുമ്പ് നടന്ന യോഗങ്ങളുടെ മിനിട്‌സ് രേഖപ്പെടുത്തിയ ബുക്ക് സൂക്ഷിക്കുന്നില്ലെന്ന് ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ ആരോപിച്ചു. ഇതേ തുടര്‍ന്നു യോഗത്തി ല്‍ പങ്കെടുക്കാനെത്തിയ പി ജെ ജോസഫ് എംഎല്‍എ നഗരസഭാ അധ്യക്ഷയോടും ജോയിന്റ് ആര്‍.ടി.ഒയോടും വിശദീകരണം തേടി. നഗരസഭയില്‍ നിന്ന് തന്ന ലിസ്റ്റ് പ്രകാരമാണ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ വിളിച്ചതെന്ന് ജോയിന്റ് ആര്‍.ടി.ഒ ജോളി ജോര്‍ജ് പറഞ്ഞു. മുമ്പ് നഗരത്തിലെ സ്വകാര്യ ഹോട്ടലിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിനെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. അതേ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയാണ് ഇന്നലെ നടന്ന ഉപദേശക സമിതി യോഗത്തിലേക്ക് ക്ഷണിച്ചത്. ഇവര്‍ പലരും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളല്ലെന്നായിരുന്നു പ്രധാന പരാതി. തുടര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ വിളിച്ച് വീണ്ടും യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. സിപിഎം പ്രതിനിധിയായി വിളിച്ചയാളെ തൊടുപുഴയിലെ സിപിഎം നേതാക്കള്‍ക്ക് പോലും അറിയില്ലെന്ന് ആക്ഷേപം. കോ ണ്‍ഗ്രസിന്റെ പ്രതിനിധിയായി വിളിച്ചയാളെയും പലര്‍ക്കുമറിയില്ല. ഇത്തരത്തില്‍ തീര്‍ത്തും പ്രാദേശികമായി മാത്രം അറിയപ്പെടുന്നവരാണ് വിളിച്ചവരിലേറെയും. ഗതാഗതം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട കെഎസ്ആര്‍ടിസിയില്‍ നിന്ന് ആരെയും വിളിക്കാത്തതും വിമര്‍ശനം ഉയര്‍ന്നു. ഡിവൈഎസ്പിക്ക് പകരം ട്രാഫിക് എസ്.ഐയാണ് യോഗത്തില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it