Flash News

പാര്‍ട്ടി പറഞ്ഞു, കടക്കൂ പുറത്ത്; കെണിയില്‍ കുരുങ്ങി ഇരകള്‍

നെഞ്ച് പിളരുന്ന കീഴാറ്റൂര്‍ - 3 -സമദ്  പാമ്പുരുത്തി

സര്‍ക്കാരിലും പാര്‍ട്ടിയിലും വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് വയല്‍ക്കിളികള്‍ അതിജീവനത്തിനായുള്ള പോരാട്ടം പുനരാരംഭിച്ചത്. ഭൂമിക്ക് മോഹവില വാഗ്ദാനം ചെയ്തിട്ടും വയലുടമകളില്‍ ഭൂരിഭാഗവും സമരത്തോടൊപ്പം ഉറച്ചുനിന്നു. ഇരകള്‍ക്ക് പിന്തുണയുമായി സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കീഴാറ്റൂരിലെത്തി. ഇതോടെ സമരത്തിനു ജനകീയത കൈവന്നു. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയും ഹരിതരാഷ്ട്രീയം ചര്‍ച്ചയാക്കിയും അധികാരത്തിലേറിയ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിചിത്ര നിലപാടുകള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി.
ഇതോടെ കടുത്ത പ്രതിരോധത്തിലായി സിപിഎം. സപ്തംബര്‍ അവസാന വാരം കീഴാറ്റൂരില്‍ വിശദീകരണ യോഗം വിളിച്ച നേതൃത്വം, പാര്‍ട്ടിഗ്രാമത്തിലെ സമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് അന്ത്യശാസനവും നല്‍കി. എന്നാല്‍, കീഴടങ്ങാന്‍ വയല്‍ക്കിളികള്‍ തയ്യാറായില്ല. സിപിഎം നിലപാട് വിശദീകരിക്കുമ്പോള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കീഴാറ്റൂരിലെ സ്ത്രീകളും സമരപ്പന്തലില്‍ ഒത്തുചേര്‍ന്നു. വിരട്ടാന്‍ നോക്കേണ്ടെന്ന് അവര്‍ വെല്ലുവിളിച്ചു.
ഇതു പാര്‍ട്ടിക്ക് ചെയ്ത ക്ഷീണം ചെറുതല്ല. കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ നേതൃത്വം നിര്‍ബന്ധിതരായി. സമരത്തില്‍ ഉറച്ചുനിന്ന വയല്‍ക്കിളി പ്രവര്‍ത്തകരായ കീഴാറ്റൂര്‍ സെന്‍ട്രല്‍, നോര്‍ത്ത് ബ്രാഞ്ചുകളിലെ 11 അംഗങ്ങളെ ജനുവരിയില്‍ സിപിഎം പുറത്താക്കി. കീഴ്ഘടകങ്ങളിലെ സമ്മേളനം കഴിഞ്ഞ് ജില്ലാ സമ്മേളനത്തിലേക്ക് നീങ്ങവെയായിരുന്നു നടപടി. സമരത്തില്‍ പങ്കെടുത്തതിന് ഇവരോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നെങ്കിലും പലരും പുച്ഛിച്ചുതള്ളി.
രാഷ്ട്രീയ വിവാദങ്ങളേക്കാള്‍ പരിസ്ഥിതി സംരക്ഷണം കേന്ദ്രീകരിച്ചായിരുന്നു സമരത്തിന്റെ രണ്ടാം ഘട്ടം. ഫെബ്രുവരി 18ന് വ്യത്യസ്തമായ സമരമുറയുമായി വയല്‍ക്കിളികള്‍ രംഗത്തെത്തി. അങ്ങനെ വയല്‍ കാവല്‍ സമരത്തിനു തുടക്കമായി. നേരത്തേ വയലില്‍ നിരാഹാരം അനുഷ്ഠിച്ചാണ് വയല്‍ക്കിളികള്‍ പ്രതിഷേധിച്ചതെങ്കില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ച് രാപകല്‍ കാവല്‍ കിടന്നായിരുന്നു പുതിയ സമരം. ഇതോടെ കേരളം കീഴാറ്റൂരിനെ കാതു കൂര്‍പ്പിച്ച് കേള്‍ക്കാന്‍ തുടങ്ങി. ദേശീയപാത ബൈപാസ് പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വയല്‍ക്കിളികള്‍ ചര്‍ച്ചയാക്കി.
എന്നാല്‍, സര്‍ക്കാര്‍ കുലുങ്ങിയില്ല. പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ പോലും തയ്യാറായില്ല. അതേസമയം, അണിയറയില്‍ സിപിഎം നിശ്ശബ്ദ നീക്കം ശക്തമാക്കിയിരുന്നു. പാര്‍ട്ടിക്കാരായ വയലുടമകളുമായും അവരുടെ ബന്ധുക്കളുമായും നേതാക്കള്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തി. കൂടുതല്‍ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു വാഗ്ദാനം. നേരത്തേ വയല്‍ക്കിളികളെ അനുകൂലിച്ച പലരും പാര്‍ട്ടി ഒരുക്കിയ കെണിയില്‍ വീണു. സെന്റിന് 1500 രൂപ മാത്രം മതിപ്പുവിലയുള്ള സ്ഥലത്തിനു വന്‍തുക വാഗ്ദാനം ചെയ്താണ് പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിച്ചത്. ഒരു സെന്റ് വയലിന് 4.16 ലക്ഷം രൂപ ഏറ്റെടുക്കുന്ന വയലുടമകള്‍ക്ക് നല്‍കുമത്രേ. നിര്‍ദിഷ്ട അലൈന്‍മെന്റില്‍ 58 കര്‍ഷകരുടെ ഭൂമിയിലൂടെയാണ് റോഡ് കടന്നുപോവുക. നാടകീയ നീക്കങ്ങളിലൂടെ ഇവരില്‍ 50 പേര്‍ മാര്‍ച്ച് 10നു കീഴാറ്റൂര്‍ പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ സമ്മതപത്രം എംഎല്‍എക്ക് കൈമാറി. ശനിയാഴ്ച ഓഫിസ് അവധിയായിട്ടും അതീവ രഹസ്യമായിട്ടായിരുന്നു നടപടിക്രമങ്ങള്‍. ഇതിനായി തളിപ്പറമ്പ് തഹസില്‍ദാറെയും മറ്റ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചുവരുത്തി. ചടങ്ങിനു ശേഷമാണ് ഇക്കാര്യം വയല്‍ക്കിളികള്‍ പോലും അറിയുന്നത്.
ഇതെല്ലാം നാടകമാണെന്നാണ് വയല്‍ക്കിളികളുടെ വാദം. വിജ്ഞാപനം വന്ന ശേഷം ആക്ഷേപം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതിനകം 45 പേര്‍ ആക്ഷേപം സമര്‍പ്പിച്ചിട്ടുണ്ട്. വയല്‍ ഏറ്റെടുക്കാന്‍ സമ്മതപത്രത്തിന്റെ ആവശ്യമില്ല. പരാതി നല്‍കിയവരില്‍ മൂന്നു പേര്‍ മാത്രമാണ് സമ്മതപത്രത്തില്‍ ഒപ്പിട്ടത്. 45 പരാതിക്കാരുടെ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പറയുന്നു.

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it