Flash News

പാര്‍ട്ടി ആരുടെയും വാലും ചൂലുമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി



ആലപ്പുഴ: അടുത്ത ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിഡിജെഎസ് മുന്നണി മാറിമല്‍സരിക്കുമെന്ന് ഉറപ്പായി. ബിഡിജെഎസ് ആരുടെയും വാലും ചൂലുമല്ലെന്നും ആരുമായും സഹകരിച്ച് അടുത്ത മന്ത്രിസഭയില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ പ്രഖ്യാപിച്ചു. ബിഡിജെഎസ് ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എംഎല്‍എമാരും എംപിമാരും ഉണ്ടാവും. അവര്‍ മന്ത്രിമാരാവുകയും ചെയ്യുമെന്നും തുഷാര്‍ പറഞ്ഞു. അധികാരത്തിലെത്താന്‍ ആരുമായും കൂട്ടുചേരാന്‍ മടിക്കേണ്ടതില്ലെന്നും പിണറായിയോടോ ഉമ്മന്‍ചാണ്ടിയോടോ കുമ്മനത്തോടോ ഒരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായ അവഗണന സഹിക്കാന്‍ കഴിയാതെയാണ് ബിഡിജെഎസിന് രൂപംനല്‍കിയത്. ആ പാര്‍ട്ടിക്ക് അവഗണന അനുഭവിച്ച് എങ്ങും നില്‍ക്കേണ്ട കാര്യമില്ല. ബിഡിജെഎസിനെ മറ്റു രണ്ടു മുന്നണികളും ചേര്‍ന്ന് എന്‍ഡിഎയില്‍ തള്ളിക്കയറ്റിയതാണ്. എന്നാല്‍, തിരഞ്ഞെടുപ്പു വന്നപ്പോള്‍ വിജയസാധ്യതയുള്ള 22 സീറ്റുകള്‍ ബിജെപി ഏകപക്ഷീയമായി ഏറ്റെടുത്തെന്നും തുഷാര്‍ പറഞ്ഞു. ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടും ഗണ്യമായ വോട്ടു വിഹിതം ബിഡിജെഎസ് നേടി. ബിഡിജെഎസിന്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴയിലും ചേര്‍ത്തലയിലും കുട്ടനാട്ടിലും മാത്രമാണ് എന്‍ഡിഎക്ക് നല്ല മല്‍സരം കാഴ്ചവയ്ക്കാന്‍ പറ്റിയതെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഭരണതലത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി അധ്യക്ഷനായ തുഷാറിന്റെ എന്‍ഡിഎ വിരുദ്ധ പരാമര്‍ശങ്ങള്‍. ബിഡിജെഎസ് -ബിജെപി ബന്ധം അവസാനിപ്പിക്കണമെന്നും എല്‍ഡിഎഫില്‍ ചേരണമെന്നും എസ്എന്‍ഡിപി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ബന്ധം അവസാനിപ്പിച്ചാല്‍ ബിഡിജെഎസിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയ സാഹചര്യത്തില്‍ തുഷാറിന്റെ പുതിയ നീക്കം മുന്നണി മാറ്റം ഉറപ്പാക്കുന്നതാണെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Next Story

RELATED STORIES

Share it