Pathanamthitta local

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; ലോക്കല്‍ കമ്മിറ്റിയംഗങ്ങളടക്കം അഞ്ചു പേരെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

പത്തനംതിട്ട: കോന്നിയില്‍ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങളടക്കം അഞ്ചുപേരെ സിപിഎമ്മില്‍ നിന്നു പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കോന്നി-താഴം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം. താഴം എല്‍സി അംഗങ്ങളായ ബി എസ് ബിജി, സി കെ സാമുവേല്‍ എന്നിവരേയും പയ്യനാമണ്‍, അടുകാട് ബ്രാഞ്ചുകളിലെ അംഗങ്ങളായ സന്തോഷ് പി മാമന്‍, സജി കുമാര്‍, ജോസ് എന്നിവരെയാണ് സിപിഎമ്മിന്റെ അംഗത്വത്തില്‍ നിന്നു പുറത്താക്കിയത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ രഹസ്യ പ്രവര്‍ത്തനം നടത്തിയതായാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. കോന്നി പഞ്ചായത്തിലെ 2,7 വാര്‍ഡുകളിലെ ഇടതു മുന്നണിയുടെ പരാജയത്തിന് ഇത് കാരണമായതായാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച് കോന്നി താഴം, ലോക്കല്‍ കമ്മിറ്റി എടുത്ത തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന കോന്നി ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
മുന്‍ കോന്നി ഗ്രാമപ്പഞ്ചായത്ത് അംഗമായ സന്തോഷ് പി മാമനെ ഏഴുവര്‍ഷം മുമ്പും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. അടുത്തിടെയാണ് വീണ്ടും പാര്‍ട്ടിയംഗത്വത്തില്‍ തിരികെ എത്തിയത്. സന്തോഷിന്റെ നേതൃത്വത്തില്‍ പയ്യനാമണ്‍ കേന്ദ്രമായി പബ്ലിക്ക് ലൈബ്രറി രജിസ്റ്റര്‍ ചെയ്ത് പ്രത്യേകം ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിനിടെയാണ് പുറത്താക്കല്‍ നടപടി.
എന്നാല്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തങ്ങളെ പുറത്താക്കിയതെന്ന് സന്തോഷ് പി മാമന്‍ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണക്കാരായവര്‍ പാര്‍ട്ടി ഭാരവാഹികള്‍ തന്നെയാണെന്നും ഇത് തങ്ങളുടെ മേല്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് നേതാക്കളുടെ ശ്രമമെന്നും പുറത്താക്കപ്പെട്ടവര്‍ വ്യക്തമാക്കി. കഴിഞ്ഞയിടെ പയ്യനാമണ്ണില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കോലം കത്തിച്ചവരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.
പയ്യനാമണ്‍ മച്ചിക്കാട് ബ്രാഞ്ചിലെ എട്ട് അംഗങ്ങള്‍ അംഗത്വത്തില്‍ നിന്നു പിന്മാറാനും പയ്യനാമണ്‍ കേന്ദ്രമായ പബ്ലിക്ക് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ 11 അംഗ യുവജന സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. പുറത്താക്കിയവര്‍ക്കൊപ്പം അണികള്‍ കൊഴിഞ്ഞുപോവുന്നത് തടയാനുള്ള തത്രപ്പാടിലാണ് സിപിഎം പ്രാദേശിക നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കോന്നി താഴം മേഖലയില്‍ വിമതര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പാര്‍ട്ടിക്ക് നിസ്സാരമായി കാണാനും കഴിയില്ല.
Next Story

RELATED STORIES

Share it