പാര്‍ട്ടിയുടെ സ്വാധീനമിടിയുന്നു; ഗുജറാത്ത്: അഴിച്ചുപണിക്ക് ബിജെപി നീക്കം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപിയുടെ സ്വാധീനത്തിന് വലിയ കോട്ടം സംഭവിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍-പാര്‍ട്ടിതലങ്ങളില്‍ അഴിച്ചുപണി നടത്താന്‍ നേതൃത്വം ആലോചിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നീക്കം. പാര്‍ട്ടിയിലെ വിഭാഗീയത തീര്‍ത്തും ഇല്ലാതാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷത്തോളം പേരെ അണിനിരത്തി പട്ടേല്‍ സംവരണ പ്രക്ഷോഭം സംഘടിപ്പിച്ചത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. സംവരണ പ്രക്ഷോഭത്തിലെ ജനപങ്കാളിത്തം ഡല്‍ഹിയിലെയും ഗുജറാത്തിലെയും ബിജെപി നേതൃത്വത്തെ ഒരുപോലെ ഞെട്ടിച്ചിരുന്നു. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ രാഷ്ട്രീയവും ഭരണപരവുമായ ശേഷിയെ ചോദ്യംചെയ്യുന്ന സംഭവം കൂടിയായി അത്. ഇതേതുടര്‍ന്നാണ് ഗുജറാത്തിലെ സ്ഥിതി പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിശ്വസ്തനായ ഓം പ്രകാശ് മാഥൂരിനെ ചുമതലപ്പെടുത്തിയത്. മുമ്പ് ഗുജറാത്തിലെ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന മാഥൂര്‍ കഴിഞ്ഞ ഏപ്രില്‍ 25ന് ഇതുസംബന്ധിച്ച് പാര്‍ട്ടി പ്രസിഡന്റ് അമിത്ഷായ്ക്കും മോദിക്കും റിപോര്‍ട്ട് സമര്‍പ്പിച്ചു. പട്ടേലുമാരുടെ സംവരണ പ്രക്ഷോഭത്തെ വിലകുറച്ചുകാണരുതെന്നായിരുന്നു മാഥൂറിന്റെ റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. സംസ്ഥാന ഭരണവും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തില്‍ വന്ന വിള്ളല്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലും സംസ്ഥാന ഭരണത്തിലുമുള്ള ഭിന്നത അവസാനിപ്പിക്കണമെന്നും മാഥൂര്‍ ശുപാര്‍ശ ചെയ്തതായാണ് അറിയുന്നത്.സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്കാളിത്തം വേണമെന്നും കേന്ദ്ര നേതൃത്വം അത് നിരന്തരം പരിശോധിക്കണമെന്നും റിപോര്‍ട്ടിലുണ്ട്. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഗുജറാത്തിലെ പാര്‍ട്ടി നേതൃത്വത്തെയും സര്‍ക്കാര്‍ പ്രതിനിധികളെയും മോദി നേരിട്ട് കാണാന്‍ സാധ്യതയുണ്ടെന്ന് ചില പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ആനന്ദിബെന്‍ പട്ടേല്‍ പാര്‍ട്ടിക്ക് ബാധ്യതയാവുമെന്നാണ് ചില നേതാക്കള്‍ ഭയപ്പെടുന്നത്. ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തില്‍ ഭരണം നഷ്ടപ്പെടുന്നത് മോദിക്ക് കനത്ത തിരിച്ചടിയായിരിക്കും. ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളിലേറ്റ ആഘാതത്തെ പാര്‍ട്ടി ഗൗരവത്തിലാണെടുത്തത്. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനു ശേഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലവും ബിജെപിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്.അതിനിടെ, പാര്‍ട്ടി അധ്യക്ഷന്‍ അമിത്്ഷാ ഗുജറാത്ത് സന്ദര്‍ശിച്ച് നേതാക്കളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. രണ്ടു തവണ അമിത്ഷായും മോദിയും മാഥൂറും തമ്മിലും ചര്‍ച്ച നടന്നു.
Next Story

RELATED STORIES

Share it