പാര്‍ട്ടിക്ക് തലവേദനയായി വീണ്ടും വി എസ്

കെ അരുണ്‍ലാല്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിക്കെതിരേ വിവാദ പ്രസ്താവന നടത്തുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മദനിയുടെ പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതിനെ വി എസ് പരസ്യമായി എതിര്‍ത്തത് ആ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അടിവേരിളക്കി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അണികള്‍ തെരുവില്‍ നടത്തിയ പ്രകടനവും വിഎസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ നടന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയായിരുന്നു.

തന്റെ പക്ഷക്കാരനായിരുന്ന ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ വിഎസ് ആദ്യംമുതലേ പാര്‍ട്ടിക്ക് എതിരായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ അന്ന് ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശനം ചാനലുകളില്‍ മിന്നിത്തെളിഞ്ഞപ്പോള്‍ അതുവരെ മന്ദഗതിയിലായിരുന്ന പോളിങ് ശതമാനം ഉച്ചയ്ക്കു ശേഷം കുത്തനെ ഉയരുകയും അത് സിപിഎം സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ പരാജയത്തിനു വഴിതെളിക്കുകയും ചെയ്തതായി സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചധിക്ഷേപിച്ചതു ശരിയായില്ലെന്ന വി എസിന്റെ നിലപാട് പാര്‍ട്ടിക്ക് കുറച്ചൊന്നുമല്ല തലവേദനയുണ്ടാക്കിയത്. ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ജനശക്തി വാരികയ്ക്കു നല്‍കിയ അഭിമുഖം പുതിയ വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു കേവലം രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കേ ഈ പ്രസ്താവന ഏതുതരത്തില്‍ പാര്‍ട്ടിയെ ബാധിക്കുമെന്നറിയാതെ ഉഴറുകയാണ് സിപിഎം നേതൃത്വം.
Next Story

RELATED STORIES

Share it