പാര്‍ട്ടിക്കെതിരേ ഗൂഢാലോചന നടത്തുന്നവന്റെ കൈയിലിരുന്ന് ബോംബ് പൊട്ടും: മാണി

കൊച്ചി: കേരള കോണ്‍ഗ്രസ്സിനെതിരേ ഗൂഢാലോചന നടത്തുന്നവന്റെ കൈയിലിരുന്ന് ബോംബ് പൊട്ടുമെന്നും അതോടെ അവന്റെ ഇടപാട് തീരുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. ബാര്‍ കോഴ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ധനമന്ത്രി സ്ഥാനം രാജിവച്ച മാണിക്ക് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തു ഗൂഢാലോചന നടന്നാലും കേരള കോണ്‍ഗ്രസ് തകരില്ല. ഒരു ഗൂഢാലോചനക്കാര്‍ക്കും തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്സെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവൃത്തിയും കേരള കോണ്‍ഗ്രസ്സും താനും ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ ശക്തനാണ്. സംശുദ്ധവും സുതാര്യവുമായ അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ചരിത്രമാണ് തന്റെയും പാര്‍ട്ടിയുടെയും കൈമുതല്‍. അതുകൊണ്ട് തനിക്കും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ചങ്കുവിരിച്ച് എവിടെയും കയറിച്ചെല്ലാന്‍ കഴിയുമെന്നും മാണി പറഞ്ഞു.
യുഡിഎഫിന്റെ ചാലകശക്തിയാണ് കേരള കോണ്‍ഗ്രസ്. താനവതരിപ്പിച്ച 13 ബജറ്റുകള്‍ കൃഷിക്കാരുടെ മാഗ്നാകാര്‍ട്ടയാണ്. മലയോര കര്‍ഷകര്‍ക്ക് നല്‍കിയ പട്ടയം മാത്രം മതി കേരള കോണ്‍ഗ്രസ്സിന്റെ പ്രസക്തി മനസ്സിലാക്കാന്‍. എല്ലാ കാലത്തും കര്‍ഷകര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി നിലകൊണ്ടിട്ടുള്ളത്. കൃഷിക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഏതറ്റം വരെയും പോവുന്ന പാര്‍ട്ടിയാണിത്. നിരവധി ക്ഷേമപെന്‍ഷനുകള്‍ നല്‍കുകയും വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു ദിവസം പോലും ട്രഷറി അടക്കാതെ വരവിനങ്ങള്‍ ശരിയായി മാനേജ് ചെയ്ത് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞു എന്നതില്‍ തനിക്ക് അഭിമാനമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി യുഡിഎഫിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. തിരിച്ചടിയുണ്ടായതുകൊണ്ട് എല്ലാവരും ജാഗ്രത പാലിച്ച് പ്രവര്‍ത്തിക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുമെന്ന് ആരും പ്രവചിക്കേണ്ടതില്ല. കാലുവാരാതെയും ആരെയും വീഴിക്കാതെയും പരസ്പര സൗഹാര്‍ദത്തോടെ ശക്തമായി മുന്നോട്ടുപോവാന്‍ കഴിഞ്ഞാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാന്‍ യുഡിഎഫിന് കഴിയുമെന്നും മാണി പറഞ്ഞു.
Next Story

RELATED STORIES

Share it