പാരിസ് കാലാവസ്ഥാ കരാറില്‍ 171 രാജ്യങ്ങള്‍ ഒപ്പുവയ്ക്കും; ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രകാശ് ജാവദേകര്‍

ന്യൂയോര്‍ക്ക്: പാരിസ് കാലാവസ്ഥാ കരാറില്‍ ഒപ്പുവയ്ക്കാന്‍ 171 ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടി.
ആഗോള താപനില കുറയ്ക്കുന്നതിനായി ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിന് ഇതോടെ ധാരണയിലെത്താന്‍ സാധിച്ചേക്കും. 171 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായതിനു പിന്നാലെ ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതു സംബന്ധിച്ചു നാലുമാസം മുമ്പ് പാരിസില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ പങ്കെടുത്തിരുന്നു. ഏറ്റവും കൂടുതല്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളിലെ ഉന്നതതല പ്രതിനിധികള്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ എത്തിയിരുന്നില്ല. മറ്റ് 60 രാഷ്ട്രത്തലവന്‍മാര്‍ സന്നിഹിതരായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേകര്‍ കരാറില്‍ ഒപ്പുവയ്ക്കും.
ഹരിതഗൃഹവാതകങ്ങളുടെ 55 ശതമാനവും പുറന്തള്ളുന്ന 55 രാഷ്ട്രങ്ങളില്‍ ഉടന്‍ തന്നെ പദ്ധതി നടപ്പാക്കും. 2020ഓടെ പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാക്കുമെന്നാണു കരുതുന്നത്. എന്നാല്‍ അതിനും മുമ്പുതന്നെ കരാര്‍ നടപ്പാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദ് സര്‍ക്കാരുകളോട് ആഹ്വാനംചെയ്തു. കരാറില്‍ ആദ്യം ഒപ്പുവയ്ക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് അടുത്ത സപ്തംബറോടുകൂടി കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നും അറിയിച്ചു.
അതേസമയം, ഈ വര്‍ഷത്തോടെതന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നടപടിയെടുക്കുമെന്നും മറ്റു രാജ്യങ്ങളെയും ഇതിനായി പ്രേരിപ്പിക്കുമെന്നും യുഎസും ചൈനയും അറിയിച്ചു. കരാര്‍ നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ഇനിയും രണ്ടു വര്‍ഷത്തോളം എടുത്തേക്കുമെന്നാണു കരുതുന്നത്. പദ്ധതി നടപ്പാക്കാന്‍ വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് 2020 മുതല്‍ ഓരോ വര്‍ഷവും 100 ശതകോടി ഡോളര്‍ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it