Flash News

പാരിസ് കാലാവസ്ഥാ കരാറിനെ പിന്തുണച്ച് റഷ്യയും ചൈനയും യൂറോപ്യന്‍ യൂനിയനും



ബ്രസ്സല്‍സ്/ ബെയ്ജിങ്: പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നു പിന്‍മാറാനുള്ള യുഎസ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ കരാറിനെ സംരക്ഷിക്കാന്‍ ഒരുമിക്കുമെന്ന്് ചൈനയും യൂറോപ്യന്‍ യൂനിയനും. ബെല്‍ജിയന്‍ തലസ്ഥാനം ബ്രസ്സല്‍സില്‍ ഇന്ന് നടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ യുഎസിന്റെ പാരിസ് കരാര്‍ പിന്‍മാറ്റവും ഉത്തര കൊറിയന്‍ ആണവ പ്രതിസന്ധിയും ചര്‍ച്ചയാവും. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് ഈ വിഷയങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. പാരിസ് ഉടമ്പടി പൂര്‍ണ രൂപത്തില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി ചൈനയും യൂറോപ്യന്‍ യൂനിയനും പ്രതിജ്ഞാബദ്ധമാണെന്ന് യൂനിയനിലെ 28 അംഗരാജ്യങ്ങളും പിന്തുണച്ച പ്രസ്താവനയില്‍ പറയുന്നു. ഇതാദ്യമായാണ് ചൈനയും ഇയുവും ഒരു വിഷയത്തില്‍ ഒത്തൊരുമിച്ചുള്ള പ്രസ്താവനയിലെത്തുന്നത്. ഫോസില്‍ ഇന്ധന ഉപഭോഗം കുറയ്ക്കാനും കൂടുതല്‍ ഹരിത സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ലക്ഷ്യംവയ്ക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. അവികസിത രാജ്യങ്ങള്‍ക്ക് വാതക പുറംതള്ളല്‍ കുറച്ചുകൊണ്ടുവരുന്നതിനായി പ്രതിവര്‍ഷം ലക്ഷം കോടി ഡോളര്‍ കണ്ടെത്തണമെന്നും ചൈനയും യൂറോപ്യന്‍ യൂനിയനും വ്യക്തമാക്കി. അതേസമയം, പാരിസ് കരാറിനെ പിന്തുണക്കുന്നതായി റഷ്യ പ്രതികരിച്ചു. കരാര്‍ പിന്‍മാറ്റം സംബന്ധിച്ച ട്രംപിന്റെ പ്രസ്താവനയ്ക്കു തൊട്ടു പിറകെയായിരുന്നു റഷ്യയുടെ പ്രതികരണം. ആഗോള താപനില കുറച്ചുകൊണ്ടുവരുകയെന്ന പാരിസ് ഉടമ്പടിയുടെ ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമങ്ങള്‍ വന്‍ശക്തി രാജ്യങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഫലപ്രദമായി വിജയിക്കില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
Next Story

RELATED STORIES

Share it