പാരിസ് ആക്രമണത്തിലെ മുഖ്യ പങ്കാളി സലാ അബ്ദുസ്സലാം ബെല്‍ജിയത്തില്‍; ബ്രസ്സല്‍സില്‍ അതീവ സുരക്ഷ

ബ്രസ്സല്‍സ്: പാരിസ് സായുധാക്രമണത്തിലെ മുഖ്യപങ്കാളിയെന്ന് അന്വേഷണസംഘം ആരോപിക്കുന്ന സലാ അബ്ദുസ്സലാം ബെല്‍ജിയത്തിലേക്കു കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു തലസ്ഥാനമായ ബ്രസ്സല്‍സില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. പാരിസ് ആക്രമണത്തിനു സമാനമായി നഗരത്തിലെ വിവിധയിടങ്ങളില്‍ ഒരേ സമയം ആക്രമണം നടത്താന്‍ ഐഎസ് നീക്കം നടത്തുന്നതായി സൂചനയുണ്ടെന്നു പ്രധാനമന്ത്രി ഷാള്‍ മിഷേല്‍ വ്യക്തമാക്കി. സലാ അബ്ദുസ്സലാം സ്വയം പൊട്ടിത്തെറിക്കാന്‍ തയ്യാറായി സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചിട്ടുണ്ടെന്ന് ഇയാളുടെ അഭിഭാഷകനാണ് അറിയിച്ചത്. അബ്ദുസ്സലാം സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്.
പാരിസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയവര്‍ ബ്രസ്സല്‍സ് കേന്ദ്രമാക്കിയാണു പ്രവര്‍ത്തിച്ചതെന്നു അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അതേസമയം, ബ്രസ്സല്‍സിലെ കഴിഞ്ഞ ദിവസം രാത്രി വിജനമായിരുന്നു. ഭക്ഷണശാലകളും ബാറുകളും അടഞ്ഞുകിടക്കുകയാണ്. മെട്രോ, തീവണ്ടിസര്‍വീസുകള്‍ ഞായറാഴ്ചവരെ റദ്ദാക്കി. കൂട്ടംകൂടുന്നത് ഒഴിവാക്കാനും പരിപാടികള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലെ വിവിധയിടങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പോലിസ് നടത്തിയ തിരച്ചിലില്‍ വന്‍ സ്‌ഫോടകവസ്തുശേഖരവും രാസവസ്തുക്കളും കണ്ടെത്തിയിരുന്നു.
അതേസമയം, അബ്ദുസ്സലാമിനു വേണ്ടി ശക്തമായ തിരച്ചിലാണ് നടക്കുന്നത്. നിരവധി പോലിസുകാരെയും രഹസ്യാന്വേഷണ വിഭാഗത്തെയും ഇതിനായി നിയോഗിച്ചു. അബ്ദുസ്സലാം വലിയ ജാക്കറ്റ് ധരിച്ചാണ് എത്തിയതെന്നു ഇയാളെ ബ്രസ്സല്‍സിലെത്തിച്ച ഡ്രൈവര്‍ അറിയിച്ചതായി സലായുടെ അഭിഭാഷകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it