പാരിസ് ആക്രമണം: ഫ്രാന്‍സ് കടുത്ത നടപടിക്ക്

പാരിസ്: പാരിസില്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. 129 പേര്‍ മരിക്കാനിടയായ ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫ്രാന്‍സ് ത്വരിതഗതിയിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് തുടരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ യോഗം ഉടനെ വിളിക്കാന്‍ ആവശ്യപ്പെടും. ഫ്രാന്‍സ് യുദ്ധത്തെയാണ് നേരിടുന്നതെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കണമെന്നും അദ്ദേഹം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി 1,15,000 പോലിസുകാരെ വിന്യസിച്ചു. റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന ഒരു കാര്‍ കണ്ടെടുത്തിട്ടുണ്ട്. 128 റെയ്ഡുകളാണ് ഇന്നലെ നടത്തിയത്. ആക്രമണത്തില്‍ പങ്കെടുത്തതെന്നു കരുതുന്ന എട്ടാമത്തെയാള്‍ക്കു വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കി. ബെല്‍ജിയത്തില്‍ താമസിക്കുന്ന സലാഹ് അബൂസലാം എന്ന ഫ്രഞ്ച് പൗരനു വേണ്ടിയുള്ള തിരച്ചിലാണ് ശക്തമാക്കിയത്. ഇദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ ദേശീയ ടീമും സ്‌പെയിനും തമ്മില്‍ നടത്തേണ്ടിയിരുന്ന ഫുട്‌ബോള്‍ മല്‍സരം അധികൃതര്‍ റദ്ദാക്കി. ഇന്നലെയും ഫ്രഞ്ച് പോര്‍വിമാനങ്ങള്‍ സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയാണ് ഐഎസ് ആസ്ഥാനമായ റഖയില്‍ ആക്രമണം നടത്തുന്നത്. ഇവിടങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടു.

ഇന്നലെ 10 പോര്‍വിമാനങ്ങള്‍ 16 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഫ്രാന്‍സ് അറിയിച്ചു. യുഎസ് വിമാനങ്ങളും ആക്രമണത്തില്‍ പങ്കുചേരുന്നുണ്ട്. റഷ്യയും വ്യോമാക്രമണം തുടരുന്നു. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയില്‍ ഐഎസിനെതിരേ നടത്തുന്ന ആക്രമണത്തില്‍ മാറ്റം വരുത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു.
Next Story

RELATED STORIES

Share it