Editorial

പാരിസ് ആക്രമണം ഉയര്‍ത്തുന്ന ചിന്തകള്‍

പാരിസില്‍ 129 പേരുടെ ജീവഹത്യക്കു കാരണമായ സ്‌ഫോടനവും വെടിവയ്പും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും ഞെട്ടിക്കുന്ന സംഭവമാണ്. വെള്ളിയാഴ്ച രാത്രി മൂന്നു മണിക്കൂറിനകം ആറു സ്ഥലങ്ങളിലായി നടന്ന അക്രമങ്ങളില്‍ 350ലേറെ പേര്‍ക്ക് പരിക്കേറ്റു. നഗരത്തിനു സമീപമുള്ള കായികവേദിയില്‍ ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദും അവിടെയുണ്ടായിരുന്നുവത്രെ. വെടിവയ്പിനു ശേഷം ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച് അക്രമികള്‍ മരിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
സംഭവങ്ങളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഫ്രാന്‍സ് ഇത്രയും വലിയ ജീവഹാനിക്ക് സാക്ഷ്യംവഹിക്കുന്നത് ഇതാദ്യമാണ്. പാരിസ് ആക്രമണത്തിന് ലക്ഷ്യമാവുന്നത് ഈ വര്‍ഷം ഇതു രണ്ടാംതവണയാണ്. ജനുവരിയില്‍ പ്രവാചകനെക്കുറിച്ച് വഷളന്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്ന ഷാര്‍ലി ഹെബ്ദോ എന്ന പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനത്തു നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സ്വാഭാവികമായും ഫ്രാന്‍സില്‍നിന്നു മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളില്‍നിന്നും യുഎന്‍ ആസ്ഥാനത്തുനിന്നും ശക്തമായ പ്രതികരണമാണ് ഉണ്ടായത്. ഫ്രാന്‍സിനു നേരെയുള്ള യുദ്ധമാണു നടന്നതെന്നു വിശേഷിപ്പിച്ച പ്രസിഡന്റ് ഹൊളാന്‍ദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ അതിര്‍ത്തികള്‍ അടച്ചിടുകയും ഷെന്‍ഗന്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി താല്‍ക്കാലികമായി പിന്‍വലിക്കുകയും ചെയ്തു.
പാരിസില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്കു വേണ്ടി പ്രാര്‍ഥനയിലാണ് പാശ്ചാത്യലോകം. എന്നാല്‍, പാരിസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അക്രമികള്‍ക്കെതിരേ കൈകോര്‍ക്കുകയും ചെയ്യുമ്പോള്‍ വിസ്മരിച്ചുകൂടാത്ത ചില വസ്തുതകളുണ്ട്. ഇറാഖിലും സിറിയയിലും ലിബിയയിലും നടന്ന നവകൊളോണിയല്‍ ഇടപെടലുകളില്‍ ഫ്രഞ്ച് ഭരണകൂടത്തിനുള്ള പങ്ക് നിസ്സാരമല്ല. മൂന്നു രാജ്യങ്ങളിലുമായി ലക്ഷക്കണക്കിനു സാധാരണക്കാരാണ് കൊല്ലപ്പെട്ടതും പലായനം ചെയ്യപ്പെടേണ്ടിവന്നതും. സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ സൈന്യവും ഇറാഖില്‍ ശിയാ അര്‍ധസൈനികവിഭാഗങ്ങളും നടത്തുന്ന കൂട്ടക്കൊലകള്‍ പ്രോല്‍സാഹിപ്പിക്കുന്ന അധിനിവേശ ശക്തികള്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍നിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘങ്ങള്‍ വളര്‍ന്നുവന്നത്. നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നത് ആരായാലും അത് ലോക മാനവികതയ്ക്ക് എതിരാണ് എന്നത് വിസ്മരിച്ചുകൂടാ.
ഫ്രാന്‍സിന്റെ സിറിയന്‍ നയമാണ് ഈ അക്രമത്തിനു കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിറിയയില്‍ ബോംബേറ് നടത്തുന്നതിന് ഫ്രഞ്ച് ഭരണകൂടം സ്വീകരിച്ച നടപടികള്‍ വലിയ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. സ്വന്തം നയങ്ങള്‍ വിലയിരുത്താനും അസ്വസ്ഥതയുടെ വിത്തുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കാനും എല്ലാ ഭരണകൂടങ്ങള്‍ക്കും ഭരണാധിപര്‍ക്കും ബാധ്യതയുണ്ട്. അതു യഥാവിധി നിര്‍വഹിക്കുന്നുവെങ്കില്‍ മാത്രമേ ഇത്തരം അക്രമങ്ങളില്‍നിന്നു മോചനം പ്രതീക്ഷിക്കാനാവൂ.
Next Story

RELATED STORIES

Share it