wayanad local

പാരിസ്ഥിതികാനുമതിക്കുള്ള നടപടികള്‍ ഡിഎംആര്‍സിയെ ഏല്‍പിക്കണമെന്ന്‌

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ പാരിസ്ഥിതികാനുമതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സി മുഖേന നടത്തണമെന്നു നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്താനും സര്‍ക്കാര്‍ ഡിഎംആര്‍സിയെയാണ് ചുമതലപ്പെടുത്തിയത്.
ഇതിനായി എട്ടുകോടി രൂപ അനുവദിച്ച് 2016 ജൂണില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പ്രവൃത്തി തുടങ്ങാനായി ഡിഎംആര്‍സി ടേംസ് ഓഫ് റഫറന്‍സ് നല്‍കുകയും രണ്ടുകോടി രൂപ അഡ്വാന്‍സ് ആവശ്യപ്പെടുകയും ചെയ്തു.
2017 ഫെബ്രുവരിയില്‍ രണ്ടുകോടി രൂപ ഡിഎംആര്‍സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2017 മാര്‍ച്ച് 17നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനും കേരള ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും മറ്റ് ഉദേ്യാഗസ്ഥരും ബംഗളൂരുവില്‍ കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായും വനംവകുപ്പ് ഉദേ്യാഗസ്ഥരുമായും ചര്‍ച്ച നടത്തുകയും സര്‍വേയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ്.
ഡിഎംആര്‍സി മുഖേന വേണം പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ നല്‍കാന്‍.
നിര്‍ദിഷ്ട മാതൃകയില്‍ കൃത്യമായ വിശദാംശങ്ങള്‍ സഹിതം ഓണ്‍ലൈനായും നേരിട്ടും നല്‍കിയെങ്കിലേ പരിഗണിക്കുകയുള്ളൂ. കര്‍ണാടക സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിന് ഈ അപേക്ഷ നല്‍കാതെ റെയില്‍വേ മന്ത്രിക്കും അടിസ്ഥാന വികസന വകുപ്പ് മന്ത്രിക്കും കത്തയച്ചതുകൊണ്ട് കാര്യമില്ല.
നിലവിലെ നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ നയങ്ങളും സുപ്രിംകോടതി വിധികളും അനുകൂലമായതിനാല്‍ വനത്തില്‍ ടണലിലൂടെ റെയില്‍പാത നിര്‍മിക്കുന്നതിന് അനുമതി ലഭിക്കാന്‍ തടസ്സമില്ല. ശരിയായ വിധത്തില്‍ അപേക്ഷ നല്‍കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും മുന്നോട്ടുപോവുന്നത് കൂടുതല്‍ കാലതാമസം വരുത്തുകയേയുള്ളൂ.
തടഞ്ഞുവച്ച പണം ഡിഎംആര്‍സിക്ക് ഉടന്‍ നല്‍കി ഡിപിആറും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും പൂര്‍ത്തിയാക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം.
അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, വി മോഹനന്‍, എം എ അസൈനാര്‍, മോഹന്‍ നവരംഗ്, സി യു പൗലോസ്, ജോസ് കപ്യാര്‍മല, ജോസ് തണ്ണിക്കോട്, സംഷാദ്, ജേക്കബ് ബത്തേരി, നാസര്‍ കാസിം, കെ കുഞ്ഞിരാമന്‍, ഇ പി മുഹമ്മദാലി സംസാരിച്ചു.
Next Story

RELATED STORIES

Share it