Religion

പാരിസില്‍ കാലാവസ്ഥാ ഉച്ചകോടിക്ക് പ്രൗഢമായ തുടക്കം

പാരിസ്: കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്കു രൂപംനല്‍കാന്‍ യുഎന്‍ ആഭിമുഖ്യത്തിലുള്ള ഉച്ചകോടി പാരിസില്‍ തുടങ്ങി. കാര്‍ബണ്‍ ബഹിര്‍ഗമനവും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കുന്നതിന് രണ്ടാഴ്ചയ്ക്കകം ധാരണയിലെത്തുക എന്ന ലക്ഷ്യവുമായി 195 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 21(കോപ് 21) എന്ന് പേരിട്ട ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 147 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളും ചര്‍ച്ച ചെയ്യും. പാരിസിലെ സായുധാക്രമണത്തിന് ഒരുമാസം തികയും മുമ്പാണ് ഇവിടെ ലോകനേതാക്കള്‍ സംഗമിക്കുന്നത്. ഡിസംബര്‍ 11 വരെ നീളുന്ന ഉച്ചകോടിയില്‍ 40,000 പേര്‍ പങ്കെടുക്കും. ആഗോളതാപനം ലഘൂകരിച്ച് കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഉടമ്പടിക്ക് ലോകനേതാക്കള്‍ രൂപം നല്‍കിയേക്കും. എന്നാല്‍, ആഗോള ഉടമ്പടി സംബന്ധിച്ച് ശക്തമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 1992ല്‍ യുഎന്‍ രൂപീകരിച്ച കോണ്‍ഫറന്‍സ് പാര്‍ട്ടീസിന്റെ 21ാമത് സമ്മേളനത്തിനാണ് തുടക്കമാവുന്നത്. 2009ല്‍ കോപന്‍ഹേഗനിലെ കാലാവസ്ഥാ സമ്മേളനത്തില്‍ 115 രാഷ്ട്രത്തലവന്‍മാരാണു പങ്കെടുത്തത്. കൂടുതല്‍ രാജ്യങ്ങളെ പങ്കെടുപ്പിക്കാനും നേതാക്കള്‍ അവസാന സെഷനുകളില്‍ പങ്കെടുക്കുന്നതിനു പകരം അവരെ ആദ്യദിനം മുതല്‍തന്നെ പങ്കെടുപ്പിക്കാനുമാണ് ഇത്തവണ സംഘാടകര്‍ ശ്രമിച്ചത്. ഹരിതഗൃഹവാതക ബഹിര്‍ഗമനം, കാര്‍ബണ്‍ എന്നീ വിഷയങ്ങളില്‍ പാശ്ചാത്യരാജ്യങ്ങള്‍ നടപടി കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ പാരിസില്‍ പ്രകടനം നടത്തി. നിരവധി പരിസ്ഥിതിപ്രവര്‍ത്തകരും കരുതല്‍ തടങ്കലിലാണ്. അതേസമയം, ഭാവിയില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളിലെ വഴിത്തിരിവാകും ഉച്ചകോടിയെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. പുതു തലമുറ വീക്ഷിക്കുന്നതിനാല്‍ അര്‍ത്ഥവത്തായ കരാറിന് രാജ്യങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it