പാരിസില്‍ എന്താണ് സംഭവിച്ചത്?

പാരിസില്‍ എന്താണ് സംഭവിച്ചത്?
X
slug-sasthram-samoohamനവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ പാരിസില്‍ 196 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചരിത്രപ്രധാനമായ ഒരു സമ്മേളനം നടന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ ഭാവി എങ്ങനെയുള്ളതായിരിക്കുമെന്നു തീരുമാനിക്കാനുള്ള സമ്മേളനമായിരുന്നു അത്. എന്തായിരുന്നു അതിന്റെ പശ്ചാത്തലം, സമ്മേളനത്തില്‍ എന്തു തീരുമാനങ്ങള്‍ എടുത്തു, അവ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രയോജനപ്രദമായിരുന്നോ, ഇനി എന്താണ് ചെയ്യാനുള്ളത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി രണ്ടു വാക്ക്: മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളാണ് ആ വാക്കു കൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്. പെട്രോളിയം കത്തിക്കുകയും കാടു വെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ധിക്കുന്നു. ഒരു കമ്പിളിപ്പുതപ്പു പോലെ ഇത് ചൂട് പുറത്തേക്കു പോവുന്നതു തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നുണ്ട്. ഇതിനു ഭൗമതാപം എന്നു പറയുന്നു. ഭൗമതാപനത്തിലൂടെ അന്തരീക്ഷത്തിലെ പ്രക്രിയകള്‍ക്കു മാറ്റമുണ്ടാവുമ്പോള്‍ കാലാവസ്ഥയിലും മാറ്റം വരും. ഇതുതന്നെയാണ് കാലാവസ്ഥാ വ്യതിയാനമെന്നു പറയുന്നത്.
യൂറോപ്പില്‍ ഉണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി മനുഷ്യന്റെയും മൃഗങ്ങളുടെയും കായികശേഷിക്കു പകരമായി ഭൂഗര്‍ഭങ്ങളില്‍ നിന്നു കുഴിച്ചെടുക്കുന്ന കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. ഭൂമിക്കടിയില്‍ കിടന്നിരുന്ന കരി പുറത്തുവരുകയും അതു കത്തി കാര്‍ബണ്‍ ഡയോക്‌സൈഡ് ഉണ്ടാവുകയും ചെയ്തു. ഈ കാര്‍ബണ്‍ ഡയോക്‌സൈഡ് ഭൗമതാപനത്തിന്റെ വേഗം കൂട്ടി. ഇതാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തെ ഭയാനകമാക്കിയത്.
കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യാനും അതിനെ നേരിടാനായി എന്തെല്ലാം ചെയ്യണമെന്നു തീരുമാനിക്കാനുമായി ഐക്യരാഷ്ട്രസഭ 1992 ജൂണ്‍ 3 മുതല്‍ 14 വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ഭൗമ ഉച്ചകോടിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സമ്മേളനത്തിന്റെ യഥാര്‍ഥ നാമം 'പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിക്കുന്ന ഐക്യരാഷ്ട്ര സമ്മേളനം' എന്നായിരുന്നു. ഇതേത്തുടര്‍ന്ന് ലോകത്തെ പല നഗരങ്ങളില്‍ വച്ചു സമ്മേളനങ്ങള്‍ നടന്നു. എന്നാല്‍, കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. 1997ല്‍ ക്യോട്ടോ പ്രോട്ടോകോള്‍ എന്ന ഉടമ്പടി ഒപ്പിടുകയും വികസിത രാഷ്ട്രങ്ങള്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, ആ കരാറും കര്‍ശനമായി നടപ്പാക്കാനായില്ല. പിന്നീട് 2009ല്‍ കോപന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ബന്ധിതമായി ബാധകമാവുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഇത് ആ സമ്മേളനത്തിന്റെ ഭാഗികമായ പരാജയമായാണ് കണ്ടിരുന്നത്.
വ്യാവസായിക വിപ്ലവത്തിനു മുമ്പത്തെ കാലത്തെ ശരാശരി താപനിലയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ അധികം ഉയര്‍ന്നാല്‍ പിന്നെ കാലാവസ്ഥാ വ്യതിയാനത്തെ തടുത്തുനിര്‍ത്താനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞത്. എന്നാല്‍, അതിനു മുമ്പുതന്നെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടുകയും കടല്‍നിരപ്പ് ഉയരുകയും കടല്‍ജലത്തിന്റെ അമ്ലത വര്‍ധിക്കുകയും ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ആഗോളതാപനത്തിനു ദരിദ്ര രാഷ്ട്രങ്ങളെ പഴിക്കാനായിരുന്നു പാശ്ചാത്യരാഷ്ട്രങ്ങളുടെ താല്‍പര്യം. ഉദാഹരണമായി, വിറകു കത്തിക്കുന്നതിനും ഉല്‍പാദനശേഷി കുറഞ്ഞ പശുക്കളെ വളര്‍ത്തുന്നതിനും ഇന്ത്യക്കാരെ പഴിക്കാന്‍ അമേരിക്കക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നാല്‍, വ്യാവസായിക വിപ്ലവമാണ് ആഗോളതാപനത്തിനു തുടക്കം കുറിച്ചതെന്നു വ്യക്തമാക്കുന്ന ശാസ്ത്രസത്യങ്ങളെ അവര്‍ സൗകര്യപൂര്‍വം കണ്ടില്ലെന്നു നടിച്ചു. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി ജീവിതരീതിയില്‍ മാറ്റം വരുന്നത് ആദ്യമായി പാശ്ചാത്യ രാജ്യങ്ങളിലാണല്ലോ. മാത്രമല്ല, അവരുടെ പാത പിന്തുടരാന്‍ മറ്റു രാഷ്ട്രങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്തു.
കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നതിന്റെ കണക്കനുസരിച്ച് രാജ്യം മൊത്തമായി പുറത്തുവിടുന്നതില്‍ കൂടുതല്‍ ഇന്ത്യയും ചൈനയും പോലുള്ള രാഷ്ട്രങ്ങളിലാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പ്രതിശീര്‍ഷ കണക്കു നോക്കുമ്പോള്‍ അമേരിക്കയാണ് മുന്നില്‍. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ഇതൊരു പ്രധാനപ്പെട്ട തര്‍ക്കവിഷയമായിരുന്നു. വികസിത രാഷ്ട്രങ്ങള്‍ കാഴ്ചപ്പാടില്‍ മാറ്റം വരുത്താതെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ലെന്നതു വ്യക്തമായിരുന്നു. കാര്യങ്ങള്‍ പഴയ രീതിയില്‍ തന്നെ നടന്നുകൊണ്ടിരിക്കെ എല്ലാ ഭൂഖണ്ഡങ്ങളിലും തീവ്രമായ ദിനാവസ്ഥകള്‍ പതിവായിത്തുടങ്ങുകയും ജനങ്ങള്‍ കാഴ്ചപ്പാടുകള്‍ അനുഭവിക്കേണ്ടിവരുകയും ചെയ്തിട്ടും വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരുകള്‍ പഴയപടി നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നതാണ് കണ്ടത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഫോസില്‍ ഇന്ധനത്തിനെതിരായ സമരങ്ങള്‍ അരങ്ങേറുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഏഷ്യയിലും ആസ്‌ത്രേലിയയിലും എണ്ണക്കമ്പനികളും കല്‍ക്കരി ഖനികളും ഭൂമി കൈയേറി ആദിവാസികളുടെ ജീവിതം ദുരിതമയമാക്കുന്നതിനും ഭൂഗര്‍ഭജലം പോലും ഉപയോഗശൂന്യമാക്കുന്നതിനും എതിരായി പല ഗോത്രവര്‍ഗങ്ങളും ശക്തമായ സമരത്തിലാണ്. ഫോസില്‍ ഇന്ധന കമ്പനികള്‍ക്കെതിരായ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിച്ചുവരുകയാണ്.
അമേരിക്കയിലും ചൈനയിലും ആസ്‌ത്രേലിയയില്‍ അദാനി തുടങ്ങാന്‍ ശ്രമിച്ച ഖനിക്കെതിരെയും രൂക്ഷമായ സമരങ്ങളാണ് നടക്കുന്നത്. ഇന്ത്യയില്‍ തന്നെ കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലെ അഴിമതി പുറത്തുവരുകയും കേസാവുകയും ചെയ്ത ശേഷം പുതിയതായി അനുവദിച്ച ഖനികളില്‍പ്പെട്ട ഛത്തീസ്ഗഡിലെ ഹസ്‌ദേവ് അരന്‍ഡ് കല്‍ക്കരി ഖനിയിലും മധ്യപ്രദേശിലെ മഹാന്‍ പ്രവിശ്യയിലും ആദിവാസികളും സന്നദ്ധ സംഘടനകളും സമരത്തിലാണ്. ഇതിനെ നേരിടാന്‍ കൂടിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഗ്രീന്‍പീസ് എന്ന സംഘടനയ്‌ക്കെതിരായി നടപടികള്‍ എടുത്തത്.
ഈ സാഹചര്യത്തിലാണ് പാരിസിലെ സമ്മേളനം നടക്കുന്നത്. മുമ്പത്തെ ചര്‍ച്ചകള്‍ വിഫലമാവുന്നതു കണ്ടുകൊണ്ട് പല സംഘടനകളും നേരത്തെത്തന്നെ ഫലപ്രദമായ ഒത്തുതീര്‍പ്പിനു വേണ്ടി സമരങ്ങള്‍ തുടങ്ങിയിരുന്നു. ഉദാഹരണമായി, വായുവിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് ലക്ഷത്തില്‍ 350 ഭാഗത്തില്‍ കൂടിയാല്‍ അപകടമാണ് എന്നതായിരുന്നു ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയ ഒരു പരിധി. ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 350.ഓര്‍ഗ് എന്നൊരു വെബ്‌സൈറ്റും ഒരു സംഘടനയും ഉണ്ടാക്കി. അവര്‍ കാലാവസ്ഥാ വ്യതിയാനം തടയാനായി സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു.
കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ഇതിലും കൂടുതലായിക്കഴിഞ്ഞു എന്നാണ് അമേരിക്കയുടെ ദേശീയ സമുദ്രാന്തരീക്ഷ സംഘടന പറയുന്നത്. ഇനി കല്‍ക്കരിയും പെട്രോളിയവും കുഴിച്ചെടുക്കേണ്ട എന്ന അര്‍ഥത്തില്‍ 'കീപ് ഇറ്റ് ഇന്‍ ദ ഗ്രൗണ്ട്' എന്ന മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തിയത്. ഇതേ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ദ ഗാര്‍ഡിയന്‍ പത്രം പുതിയൊരു പ്രചാരണത്തിനു നേതൃത്വം നല്‍കി. പെട്രോളിയം കമ്പനികളില്‍ കാര്യമായി മുതല്‍മുടക്കിയിട്ടുള്ള ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, വെല്‍ക്കം ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ അത്തരം കമ്പനികളില്‍ നിന്നു മുടക്കിയ മുതല്‍ പിന്‍വലിക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്.
195 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഭാവിതലമുറയ്ക്കു വേണ്ടി കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഏതാണ്ട് എല്ലാ നേതാക്കളും സംസാരിച്ചു. ഈ സമ്മേളനത്തില്‍ നിന്നു ഫലപ്രദമായ എന്തെങ്കിലും പ്രതീക്ഷിക്കാം എന്ന തോന്നല്‍ ഇതിനാല്‍ ഉണ്ടായി. സമ്മേളനത്തില്‍ എന്താണ് നടന്നത്, എന്താണ് നടക്കാതെപോയത് എന്നു പരിശോധിക്കാന്‍ സ്ഥലപരിമിതി അനുവദിക്കാത്തതിനാല്‍ ഉടമ്പടി എങ്ങനെ വിലയിരുത്തപ്പെടുന്നുവെന്നു മാത്രം പരിശോധിക്കാം.
മുമ്പു നടന്ന എല്ലാ സമ്മേളനങ്ങളുടെ കാര്യത്തിലും എന്നതുപോലെ പാരിസ് സമ്മേളനവും പല തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. പാശ്ചാത്യ സര്‍ക്കാരുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമെല്ലാം ഇതിനെ വലിയ വിജയമായാണ് കാണുന്നത്. ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞത് ഇങ്ങനെ: ''ഇത് അസാധാരണമാണ്. ഇതുവരെ പിന്തുടര്‍ന്ന രീതികളെല്ലാം മാറ്റിമറിക്കുന്നതാണ്. നാമിവിടെ എത്തുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.'' എന്നാല്‍, ഇതിനെ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ഭാഗിക വിജയമായോ വഞ്ചനയായോ മാത്രമേ കാണുന്നുള്ളൂ.
ഈ ഉടമ്പടി ഇന്ത്യയെ എങ്ങനെ ബാധിക്കും? ഉടമ്പടി ഇന്ത്യക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ജനസംഖ്യയുടെ വലിയൊരു ഭാഗം ദരിദ്രരായിരിക്കുകയും അവരെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാന്‍ സാമ്പത്തിക പുരോഗതി കൈവരിക്കേണ്ട സ്ഥിതിയും അതേസമയം പരമ്പരാഗത വ്യവസായങ്ങളെ മാറ്റി പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇതുകൂടാതെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷങ്ങളെ ചെറുക്കാനും നടപടികള്‍ എടുക്കേണ്ടത്.
Next Story

RELATED STORIES

Share it