palakkad local

പാരാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയ താരങ്ങള്‍ പ്രതിസന്ധിയില്‍

സുനുചന്ദ്രന്‍ ആലത്തൂര്‍
ആലത്തൂര്‍: പ്രണവിനും കൂട്ടുകാര്‍ക്കും ചണ്ഡീഗഡില്‍ നടക്കുന്ന പാരാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കടമ്പകളേറെ. 25 മുതല്‍ 29 വരെ ചണ്ഡീഗഡിലെ പഞ്ചഗുളയിലാണ് 18ാമത് നാഷനല്‍ പാരാ അത്‌ലറ്റിക്ക് മീറ്റ് നടക്കുന്നത്. പ്രണവ് ഉള്‍പ്പടെ കേരളത്തില്‍ നിന്ന് 18 പേരാണ് യോഗ്യത നേടിയിരിക്കുന്നത്. ഫെബ്രുവരി 27 ന് തൃശൂര്‍ തോപ്പ് സ്‌റ്റേഡിയത്തില്‍ നടന്ന സിലക്്ഷന്‍ ക്യാംപില്‍ പങ്കെടുത്താണ് 100, 200 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുക്കാന്‍ പ്രണവ് യോഗ്യത നേടിയത്.
ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് കഴിഞ്ഞ ഏഴുവര്‍ഷമായി കേരള പാരാലിംപിക്‌സ് ചാംപ്യന്‍ഷിപ്പിലെ സ്ഥിരം സാന്നിധ്യവും താരവുമാണ്. മാര്‍ച്ച് 11 മുതല്‍ 14 വരെ തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തല്‍ നടന്ന ട്രെയിനിങ് ക്യാംപിലും പ്രണവ് പങ്കെടുത്തിരുന്നു. നാഷനല്‍ പാരാ അത് ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടിയ പ്രണവ് കുടുംബപ്രാരാബ്ദങ്ങളോര്‍ത്ത് ആശയക്കുഴപ്പത്തിലാണ്. പ്രണവിനെ കൂടാതെ ജില്ലയില്‍ നിന്ന് കാവശ്ശേരിയിലെ വി സുമമോള്‍, ചിറ്റൂരിലെ വി സുമ, മുണ്ടൂരില്‍ നിന്നുള്ള പി ആര്‍ മഞ്ജു, പാലക്കാട് നിന്നുള്ള സി കനകലത എന്നിവരാണ് യോഗ്യത നേടിയിരിക്കുന്നത്.
എല്ലാവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ തന്നെയാണ് പ്രതികൂലം. കേരള പാരാലിംപിക്‌സ് അസോസിയേഷനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ മുഖേന ഇവര്‍ക്ക് പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം ലഭിക്കില്ല.
21ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കാന്‍ പാരാലിംപിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭക്ഷണം, എന്‍ട്രി ഫീസ് എന്നിവയുള്‍പ്പടെ ഒരാള്‍ക്ക് 8000 രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. 18 പേര്‍ക്കും സാമ്പത്തിക പരാധീനത ഒരു പ്രശ്‌നമാണ്. തന്റെയും കൂട്ടുകാരുടെയും  കായിക സ്വപ്‌നം സാക്ഷാല്‍കരിക്കാന്‍ എവിടെ നിന്നെങ്കിലും ഒരു സഹായം  ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രണവും മറ്റുള്ളവരും. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പാലക്കാട് ആര്‍ഡിഒ. ആര്‍. നളിനിക്ക് പ്രണവും കൂട്ടരും നിവേദനം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it