പാരലല്‍ കോളജുകളില്‍നിന്ന് സേവനനികുതി ഈടാക്കാന്‍ നീക്കം

കുറ്റിക്കാട്ടൂര്‍(കോഴിക്കോട്): പാരലല്‍ കോളജുകളില്‍ നിന്നു സേവന നികുതി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാവുന്നു. സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കെയാണ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2012-13 മുതല്‍ 2014-15 വരെയുള്ള 14.4 ശതമാനം സേവനനികുതി അടിയന്തരമായി അടക്കണമെന്നാണ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ പാരലല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാലു ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ ശ്രമം നടത്തിയിരുന്നു.
ഇതിനെതിരേ പാരലല്‍ കോളജ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാര്‍ഥികളില്‍നിന്ന് നികുതി ഈടാക്കുന്നത് വിവേചനമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. നികുതി അടക്കുന്നത് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഈ വിധിയെ മറികടക്കാന്‍ എക്‌സൈസ് വിഭാഗവും കേന്ദ്ര സര്‍ക്കാരും 2014 സപ്തംബര്‍ എട്ടിന് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. നികുതി അടക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും അവര്‍ ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പാരലല്‍ കോളജ് അസോസിയേഷന്റെ വാദങ്ങള്‍ പരിഗണിക്കരുതെന്നും ഹരജി പറയുന്നു.
നിയമനടപടികള്‍ സുപ്രിംകോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് എക്‌സൈസ് കമ്മീഷണര്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കോടതീയലക്ഷ്യമാണെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ആറു ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാരലല്‍ കോളജുകളില്‍ പഠിക്കുന്നത്.
Next Story

RELATED STORIES

Share it