Editorial

പാരഡൈസ് രേഖകള്‍ പറയുന്നത്



കള്ളപ്പണം തടയാനാണ് കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. കള്ളപ്പണം തടയുന്നതില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയെന്നാണ് നോട്ട് റദ്ദാക്കലിന്റെ ഒന്നാം വാര്‍ഷികവേളയിലും പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. ആയിരക്കണക്കിനു വ്യാജ കമ്പനികള്‍ കണ്ടെത്തി അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് ധനകാര്യ മന്ത്രാലയവും അവകാശവാദം ഉന്നയിച്ചിരിക്കുന്നു. ഈ അവകാശവാദങ്ങള്‍ എത്രമാത്രം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ അനുഭവം കൊണ്ടുതന്നെ ബോധ്യമായതാണ്. സാമ്പത്തികരംഗത്ത് മാന്ദ്യവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്നതില്‍ നരേന്ദ്രമോദിയുടെ അപക്വമായ നടപടികള്‍ സഹായിക്കുകയുണ്ടായി എന്നാണ് പൊതുവില്‍ വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് മുതല്‍ അന്താരാഷ്ട്ര സാമ്പത്തിക പ്രസിദ്ധീകരണമായ ദ ഇക്കണോമിസ്റ്റ് വരെ അത്തരത്തിലുള്ള ഒരു വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. നോട്ട് റദ്ദാക്കലിന്റെ ഒന്നാം വാര്‍ഷികവേളയില്‍ തന്നെയാണ് അന്താരാഷ്ട്രരംഗത്തെ കള്ളപ്പണശൃംഖലയുടെ വിപുലമായ വേരുകള്‍ വ്യക്തമാക്കുന്ന ഒരു സുപ്രധാന അന്വേഷണം ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) എന്ന സ്ഥാപനവും വിവിധ പ്രസിദ്ധീകരണങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഗാര്‍ഡിയന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് വിപുലമായ ഈ അന്വേഷണം നടത്തിയിരിക്കുന്നത്. പാരഡൈസ് പേപ്പേഴ്‌സ് എന്നറിയപ്പെടുന്ന ഈ രേഖകള്‍ നികുതിവെട്ടിപ്പിന്റെ 19 അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍നിന്നുള്ള 13.4 ദശലക്ഷം ഫയലുകളാണ് ഉള്‍ക്കൊള്ളുന്നത്. ബ്രിട്ടിഷ് രാജ്ഞിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹപ്രവര്‍ത്തകരും ലോകത്തെ പ്രമുഖ കമ്പനികളും കലാകാരന്‍മാരും സ്‌പോര്‍ട്‌സ്‌രംഗത്തെ പ്രമുഖരുമൊക്കെ തങ്ങളുടെ അളവറ്റ സ്വത്ത് നികുതിയടയ്ക്കാതെ സംരക്ഷിക്കാനായി വിദേശരാജ്യങ്ങളിലേക്കു കടത്തുന്നത് എങ്ങനെയെന്നാണ് ഈ രേഖകള്‍ കാണിച്ചുതരുന്നത്. കഴിഞ്ഞവര്‍ഷം പാനമ പേപ്പേഴ്‌സ് എന്ന പേരില്‍ ഇത്തരത്തില്‍ വിപുലമായ രേഖാസഞ്ചയം പുറത്തുവരുകയുണ്ടായി. അതിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. വിവിധ രാജ്യങ്ങളില്‍ നിരവധി പ്രമുഖര്‍ അതില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുകയും അന്വേഷണത്തിനു വിധേയരാവുകയും ചെയ്തിരുന്നു. സമാനമായ ആഘാതമാണ് പാരഡൈസ് രേഖകളും ഉണ്ടാക്കാന്‍ പോവുന്നത്. കള്ളപ്പണ വിരുദ്ധ ദിനമായി നവംബര്‍ 8 ആചരിക്കാന്‍ പോവുന്ന മോദി സര്‍ക്കാരിന് ഈ രേഖകള്‍ വലിയ ആഘാതം സൃഷ്ടിക്കും എന്ന കാര്യത്തിലും സംശയമില്ല. ബിജെപിയുടെ കേന്ദ്ര സഹമന്ത്രിയും എംപിയും അടക്കം പല പ്രമുഖരും ഇങ്ങനെ നികുതി വെട്ടിച്ചതായി രേഖകള്‍ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ്സിലെ പ്രമുഖരും ഇതേ സഖ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്. എങ്ങനെയാണ് അധികാരിവര്‍ഗം രാജ്യത്തെ ജനങ്ങളെ പിഴിയുകയും അതേസമയം സ്വയം നികുതിവെട്ടിപ്പു നടത്തുകയും ചെയ്യുന്നതെന്ന് രേഖകള്‍ വെളിവാക്കുന്നു.
Next Story

RELATED STORIES

Share it