ernakulam local

പായിപ്ര പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിന് ശാപമോക്ഷമാവുന്നു

മൂവാറ്റുപുഴ: പായിപ്ര പ്രാഥമികാരോഗ്യ ഉപ കേന്ദ്രത്തിന് ശാപമോക്ഷമാവുന്നു. ശിലാസ്ഥാപനം നാളെ വൈകീട്ട് 5.30ന് എല്‍ദോ എബ്രാഹാം എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് അധ്യക്ഷത വഹിക്കും.
എല്‍ദോ എബ്രഹാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും വാര്‍ഡ് മെംബറായ പി എസ് ഗോപകുമാറിന്റെ 4 ലക്ഷം രൂപയും കൂടി 24 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. പായിപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നാല് പതിറ്റാണ്ടു മുമ്പ് നിര്‍മിച്ച കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ആരോഗ്യകേന്ദ്രം അടച്ച് പൂട്ടുകയായിരുന്നു.
ആരോഗ്യകേന്ദ്രം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഇതിനിടെ കെട്ടിടം പൂര്‍ണമായി തകര്‍ന്ന് ഓടുകള്‍ താഴേക്ക് വീഴുവാന്‍ തുടങ്ങിയിരുന്നു. പായിപ്രയുടെ പ്രഥമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ എം ഇബ്രാഹിം സൗജന്യമായി നല്‍കിയ 20 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ അക്കാലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് ആരോഗ്യകേന്ദ്രം നാല് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞിരുന്നു.
കാലാകാലങ്ങളില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്താതെ വന്നതോടെയും കെട്ടിടവും ജീര്‍ണാവസ്ഥയിലായി. ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട നാട്ടുകാര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് മെംബര്‍ പി എസ് ഗോപകുമാര്‍, എല്‍ദോ എബ്രാഹാം എംഎല്‍എക്ക് നല്‍കുകയുണ്ടായി. ഇതേ തുടര്‍ന്ന് എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഒരു ഡോക്ടറും നേഴ്‌സും മാത്രയിരുന്നു ഇവിടെ സേവനം അനുഷ്ടിച്ചിരുന്നത്.
നിരവധിയാളുകള്‍ ഇവിടെ ചികില്‍സയ്ക്ക് എത്തുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ചയില്‍ രണ്ടു ദിവസം രണ്ട് നഴ്‌സുമാരുടെ സേവനമാണ് ലഭിച്ചിരുന്നത്. ഗര്‍ഭിണികളായ നിരവധി സ്ത്രീകളും കൊച്ചുകുട്ടികളും ചികില്‍സയ്ക്കായി ഇവിടെ എത്തിയിരുന്നതാണ്. എന്നാല്‍ ആരോഗ്യ കേ ന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ആരും ഇങ്ങോട്ട് വരാതായി. ആരോഗ്യകേന്ദ്രത്തിന് എല്ലാ സൗകര്യങ്ങളോടു കൂടിയ ഒരു നില മന്ദിരം നിര്‍മിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it