Kottayam Local

പായിപ്പാട് ചായക്കാരന്‍ കുളം അവഗണനയില്‍

ചങ്ങനാശ്ശേരി: പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചായക്കാരന്‍കുളം അവഗണനയില്‍. 13ാം വാര്‍ഡില്‍ 1.2 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കുളത്തിലേക്കു ഒരുകാലത്ത് സമീപത്തെ വലിയചിറപാടം വഴി ബോട്ടുകളും ചരക്കുവള്ളങ്ങളുംവരെ എത്തിയിരുന്നു. പില്‍ക്കാലത്ത് ബോട്ടുകള്‍ എത്തിയിരുന്ന നീര്‍ച്ചാലുകള്‍ ഇല്ലാതാവുകയും സമീപത്തെല്ലാം ജനവാസ കേന്ദ്രങ്ങളുമായി മാറുകയും ചെയ്തു. ഒപ്പം കുളം മണ്ണുകയറി നിറയുകയും ആഴം ഇല്ലാതാവുകയും ചെയ്തു. തുടര്‍ന്നു വള്ളങ്ങളും ബോട്ടുകളും വരാതെയായി. അനാഥമായ കുളം സംരക്ഷിക്കണമെന്ന ആവശ്യം ഉയരുകയും പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് ചില പദ്ധതികളും ആസൂത്രണം ചെയ്‌തെങ്കിലും അവ പൂര്‍ത്തീകരിക്കാനായില്ല. കുളം ആഴം കൂട്ടി വിപുലീകരിക്കാനും മറ്റുമായി 75 ലക്ഷം രൂപാ അനുവദിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങളും വെള്ളവും മറ്റും കുളത്തില്‍ പതിക്കാതെ കുളത്തിനരികെ കൂടി ഓടയുടെ നീളം വര്‍ധിപ്പിച്ചു സമീപത്തെ മുണ്ടകന്‍പാടത്തിനരികെയുള്ള തോട്ടിലേക്കു ലയിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 20 ലക്ഷം രൂപാ ചെലവഴിക്കുകയും തുടര്‍ന്നു കുളത്തിനരികെ കൂടി ഓടയുടെ നീളം വര്‍ദ്ധിപ്പിക്കാന്‍ ആരംഭിച്ചപ്പോഴേക്കും കല്ലിനു വില വര്‍ദ്ധിക്കുകയും  കരാറുകാരന്‍ പണികള്‍ അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനാല്‍ സമീപത്തെ വെള്ളവും മാലിന്യങ്ങളുമെല്ലാം ഒഴുകി കുളത്തില്‍ പതിക്കുന്ന സാഹചര്യവുമായി. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുളത്തിലെ പായലും പോളകളും മറ്റും നീക്കം ചെയ്‌തെങ്കിലും ആഴം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുളം പഴയപടി തന്നെയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു പഞ്ചായത്തിനാകെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താവുന്ന കുളം അടിയന്തരമായി ആഴം വര്‍ധിപ്പിച്ചു സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it