kannur local

പാമ്പുരുത്തി പുഴയിലെ ബണ്ട് പൊളിച്ചു നീക്കണമെന്ന്‌



നാറാത്ത്: വളപട്ടണം പുഴയ്ക്കു കുറുകെ മണ്ണിട്ടു നിര്‍മിച്ച റോഡ് പൊളിച്ചുനീക്കാന്‍ പരാതി. കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിനെയും നാറാത്ത് പഞ്ചായത്തിലെ മടത്തിക്കൊവ്വലിനെയും ബന്ധിപ്പിക്കുന്നതിന് 20 വര്‍ഷം മുമ്പ് നിര്‍മിച്ച റോഡ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമീപപ്രദേശത്തെ ചിലരാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തില്‍ അനധികൃതമായാണ് പുഴയില്‍ റോഡ് നിര്‍മിച്ചതെന്നും ഇതുകാരണം സമീപത്തെ കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നതായും പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ റോഡ് പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്തുന്നില്ലെന്നും അടിസ്ഥാനരഹിതമായ പരാതിക്കു പിന്നില്‍ മണല്‍ലോബികളുടെ ഗൂഢാലോചനയുണ്ടെന്നുമാണ് പാമ്പുരുത്തിക്കാരുടെ വാദം. അനിയന്ത്രിതമായ മണല്‍വാരല്‍ മൂലം നാശത്തിന്റെ വക്കിലാണ് പാമ്പുരുത്തി ദ്വീപ്. 10 വര്‍ഷം മുമ്പ് 126 ഏക്കര്‍ ആയിരുന്നു ദ്വീപിന്റെ വിസ്തൃതി. രൂക്ഷമായ കരയിടിച്ചില്‍ മൂലം ഇന്നത് കേവലം 96 ഏക്കറായി ചുരുങ്ങി. ഇതിനെതിരേ പാമ്പുരുത്തി ദ്വീപ് സംരക്ഷണ സമിതി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദ്വീപിനു ചുറ്റും മണല്‍വാരുന്നത് 2015 ഡിസംബറില്‍ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. എന്നാല്‍, സംസ്ഥാന എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെയും സര്‍ക്കാര്‍ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2016 ജനുവരിയില്‍ മണല്‍ഖനനം പുനരാരംഭിച്ചു. ഇതിനെതിരേ ദ്വീപുകാര്‍ വീണ്ടും ഹരിത െ്രെടബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു. മണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്നും ജലനിരപ്പിനു കീഴില്‍ മണല്‍വാരല്‍ രാജ്യത്ത് നിയമവിരുദ്ധമാണെന്നുമായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതുപ്രകാരം മണല്‍വാരല്‍ നിരോധിത മേഖയാണ് പ്രദേശം. 20 വര്‍ഷം മുമ്പ് പാമ്പുരുത്തി പാലത്തിന്റെ നിര്‍മാണത്തിനു വേണ്ടി പുഴയുടെ പകുതിഭാഗം വരെ മണ്ണിട്ട് റോഡ് പണിതിരുന്നു. പിന്നീട് പാലം നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതിനിടെ കടത്തുതോണി മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിക്കുകയുണ്ടായി. തുടര്‍ന്നാണ് പുഴയില്‍ ബണ്ട് കെട്ടി നാട്ടുകാര്‍ ജനകീയമായി റോഡ് നിര്‍മിച്ചത്. 2007ലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈ റോഡ് തകര്‍ന്നിരുന്നു. അന്നത്തെ ജില്ലാ കലക്ടര്‍ ഇഷിതാ റോയിയുടെ നിര്‍ദേശപ്രകാരമാണ് റോഡ് പുനര്‍നിര്‍മിച്ചത്. കൂടാതെ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ബണ്ടിനു കുറുകെ കല്‍വര്‍ട്ട് ഒരുക്കി ആറു കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ബലപ്പെടുത്തി ടാര്‍ ചെയ്യുന്നതിന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തും കൊളച്ചേരി ഗ്രാമപ്പഞ്ചായത്തും ഫണ്ട് അനുവദിച്ചിരുന്നു. കൂടാതെ 2013ല്‍ സ്ഥലം എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഇടപെടല്‍ മൂലം റവന്യൂവകുപ്പ് നാലര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബണ്ടിന് സമാന്തരമായി പാലമുണ്ടെങ്കിലും രണ്ടേകാല്‍ മീറ്റര്‍ മാത്രമാണു വീതിയുള്ളത്. ഇതുകാരണം ബണ്ട് റോഡ് വഴിയാണ് വലിയ വാഹനങ്ങള്‍ കടന്നുപോവുന്നത്. പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിച്ച് ബണ്ട് നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it