kannur local

പാമ്പുരുത്തി ദ്വീപ് സംരക്ഷണം: വളപട്ടണം പുഴയിലെ മണല്‍വാരലിന് വീണ്ടും സ്റ്റേ

കണ്ണൂര്‍: ജില്ലയിലെ വളപട്ടണം പുഴയില്‍ മണല്‍ വാരലിനു അനുവദിച്ച പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്‌റ്റേ ചെയ്തു. മണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്നും ജലനിരപ്പിനു കീഴില്‍ മണല്‍ വാരല്‍ രാജ്യത്ത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാമ്പുരുത്തി ദ്വീപ് നിവാസി എം പി മുഹമ്മദ് കുഞ്ഞി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ കൊടുത്ത അപ്പീലിലാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.
മണല്‍ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പുരുത്തി ദ്വീപിനു സമീപത്തെ മൂന്നു പഞ്ചായത്തുകള്‍ക്ക് നോട്ടീസയയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കേണ്ട ജില്ലാ കലക്ടര്‍ തന്നെ മണല്‍ വാരല്‍ അനുവദിച്ചാല്‍ എങ്ങനെ നിയമം നടപ്പാവുമെന്നും കോടതി ആരാഞ്ഞു. നേരത്തേ പരിസ്ഥിതി ആഘാത പഠനം നടത്താതെ പുഴകളില്‍ നിന്നു മണല്‍ ഖനനം പാടില്ലെന്ന വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ജില്ലയില്‍ മണല്‍ വാരല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കടവുകളില്‍ നിന്നു സാന്റ് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണു വീണ്ടും നിരോധനം നീക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.
സംസ്ഥാന എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി(എസ്ഇഐഎഎ)യുടെയും മന്ത്രിസഭാ യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു മണല്‍ഖനനം പുനരാരംഭിച്ചത്. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊളച്ചേരി, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ കടവുകളില്‍ മണല്‍ ഖനനം പുനരാരംഭിച്ചതിനെതിരേ പാമ്പുരുത്തി നിവാസികള്‍ വീണ്ടും ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് വീണ്ടും സ്‌റ്റേ അനുവദിച്ചത്.
കലക്ടറുടെ നടപടി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അട്ടിമറിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. ജലനിരപ്പിനു താഴെ നിന്ന് മണല്‍ വാരരുതെന്ന് ഹരിത ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കലക്ടറുടെ ഉത്തരവില്‍, ദ്വീപില്‍ നിന്ന് 500 മീറ്റര്‍ പരിധിക്കു പുറത്ത് പുതിയ കടവുകള്‍ നിര്‍ദേശിച്ചാല്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു നല്‍കിയ ഹരജി പരിഗണിച്ച ഹരിത ട്രൈബ്യൂണല്‍ കലക്ടറെ വിമര്‍ശിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it