Kottayam Local

പാമ്പുകളുടെ തോഴനാവാന്‍ ഇനി ബിജുവില്ല

എരുമേലി: ഏതു വിഷപ്പാമ്പിനെയും സ്‌നേഹത്തോടെ കൈപിടിയിലാക്കി മെരുക്കി വനത്തിലെ ഉചിതമായ ആവാസസ്ഥലങ്ങളിലേയ്ക്കു തുറന്ന് വിട്ടിരുന്ന മുക്കട വാകത്താനം മാന്തറയില്‍ ബിജു ഇനി നാടിനെന്നും മറക്കാനാവാത്ത നൊമ്പരമുണര്‍ത്തുന്ന ഓര്‍മ. നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബിജുവിന്റെ വിയോഗത്തോടെ പൊലിഞ്ഞത്.
മുംബൈയില്‍ പ്രതിരോധ സേനയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുമ്പോഴാണ് ബാല്യത്തില്‍ ബിജു പാമ്പുകളുടെ കളിത്തോഴനാവുന്നത്. ചാനലുകളില്‍ പാമ്പിനെ പിടിക്കുന്ന രീതികളും, പരിചരിക്കുന്നതും കണ്ട് ആകൃഷ്ടനായ ബിജു നാട്ടിലെത്തിയപ്പോള്‍ പാമ്പുകളുടെ പിന്നാലെയായി. മുക്കടയില്‍ താമസമാക്കി ഭാര്യയും മൂന്നു മക്കളുമായി കൂലിപ്പണിയെടുത്ത് ജീവിക്കേണ്ടിവന്നത് പാമ്പുകളോടുള്ള സ്‌നേഹം മൂലമായിരുന്നു. ആന്ധ്രാപ്രദേശില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപക ജോലി ഉപേക്ഷിച്ചാണ് നാട്ടില്‍ നാടിന്റെ സ്വന്തം വാവാ സുരേഷായി ബിജു മാറിയത്.
രണ്ടായിരത്തില്‍ പരം പാമ്പുകളെ പിടികൂടിയിട്ടുള്ള ബിജു ഇതെല്ലാം ഭീതിയകറ്റാന്‍ നാട്ടുകാര്‍ക്കും വനപാലകര്‍ക്കും വേണ്ടിയായിരുന്നു. എന്നാല്‍ ഇത് ഉപജീവനമാര്‍ഗമായി ബിജു കണ്ടില്ല. ആരില്‍ നിന്നു പ്രതിഫലം വാങ്ങിയതുമില്ല. നിര്‍ബന്ധിച്ചാല്‍ വണ്ടിക്കൂലിയും ചെലവും മാത്രം വാങ്ങി സന്തോഷത്തോടെ പാമ്പുമായി ഫോറസ്റ്റ് ഓഫിസില്‍ എത്തും. ഒട്ടനവധി പാമ്പുകളെ പിടികൂടി പ്ലാച്ചേരിയിലെ ഫോറസ്റ്റ് ഓഫിസില്‍ എത്തിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയില്‍ 60 അടി താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങി സാഹസികമായി മൂര്‍ഖന്‍ പാമ്പിനെ ബിജു പിടിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പത്രത്താളിലും ചാനലുകളിലും വാര്‍ത്തയാക്കാന്‍ ബിജു തെല്ലും ആഗ്രഹിച്ചിരുന്നില്ലെന്ന് വനപാലകര്‍ പറയുന്നു. പാമ്പുകളെ ജീവനുതുല്യം സ്‌നേഹിച്ച ഉദാത്തമായ ഒരു ജീവജാലങ്ങളുടെ സ്‌നേഹിതനെ നാടിന് നഷ്ടമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it