ernakulam local

പാമ്പാടി രാജന്‍ എത്താന്‍ വൈകി, നാട്ടുകാര്‍ രോഷാകുലരായി; പോലിസ് സ്‌റ്റേഷനില്‍ പ്രശ്‌നം ഒത്തുതീര്‍ന്നു

പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ തിടമ്പേറ്റാന്‍ ബുക്ക് ചെയ്തിരുന്ന ഗജരാജന്‍ പാമ്പാടി രാജന്‍ എത്താതിരുന്നതോടെ നാട്ടുകാര്‍ രോഷാകുലരായി. കുമ്പളങ്ങിയിലെ ആനപ്രേമി സംഘമാണ് പാമ്പാടി രാജനെ ഉത്സവത്തിനായി ബുക്ക് ചെയ്തത്.
ശനിയും ഞായറുമാണ് പാമ്പാടി രാജനെ ബുക്ക് ചെയ്തിരുന്നത്. 1 ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്യുകയും പിന്നീട് ആവശ്യപ്പെട്ടതനുസരിച്ച് അമ്പതിനായിരവും നല്‍കി ഉടമ്പടി കരാറും എഴുതിയിരുന്നു. ആനയ്ക്ക് സ്വീകരണ ചടങ്ങും, ആനയൂട്ടും  സ്വീകരിക്കുന്നതിന്  വലിയ രീതിയിലുള്ള പ്രചരണവും സംഘാടകര്‍ ഒരുക്കിയിരുന്നു. ശനിയാഴ്ച്ച തിടമ്പേറ്റാന്‍ എത്താതിരുന്ന പാമ്പാടി രാജന്‍ ഞായറാഴ്ച്ച വൈകീട്ടോടെയാണ് എത്തിയത്. ലോറിയില്‍ കൊണ്ടു വന്ന ആനയെ ഇറക്കുവാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ആനയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പ്രശ്‌നം രൂക്ഷമായതോടെ പാമ്പാടി രാജന്റെ ഉടമ ഷോബി തോമസും സ്ഥലത്തെത്തി. തുടര്‍ന്ന് ആനപ്രേമികളുമായി ചര്‍ച്ച നടത്തി നഷ്ടപരിഹാരം ഉള്‍പ്പെടെ 3 ലക്ഷം രൂപയ്ക്ക് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ അഭ്യര്‍ഥന മാനിച്ച് പാമ്പാടി രാജനെ ക്ഷേത്ര മുറ്റത്തെത്തിച്ചു സ്വീകരണം നല്‍കിയാണ് യാത്രയാക്കിയത്.
Next Story

RELATED STORIES

Share it