പാപ്പാഞ്ഞി നിര്‍മിക്കാനെത്തിയ കലാകാരന്മാര്‍ക്കു പോലിസ് മര്‍ദ്ദനം

കൊച്ചി: കൊച്ചി കാര്‍ണിവലിനു പാപ്പാഞ്ഞി നിര്‍മിക്കാനെത്തിയ കലാകാരന്‍മാരെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘത്തേ പൊലിസ് മര്‍ദ്ദിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ വിദ്യാര്‍ഥികളായ സി എ മനു, അരുണ്‍ പൗലോസ,് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ശില്‍പ പഠനം കഴിഞ്ഞിറങ്ങിയ അഖില്‍ സേവ്യര്‍ എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്.
ഇവര്‍ മട്ടാഞ്ചേരി കുന്നുംപുറം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തെക്കുറിച്ചു കൊച്ചി പോലിസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വനിതാകമ്മീഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് പാപ്പാഞ്ഞി നിര്‍മാണത്തില്‍ പ്രവര്‍ത്തിച്ച കലാകക്ഷി ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നു. കൊച്ചിന്‍ കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ എരിച്ചു കഴിഞ്ഞാല്‍ ജനം പിരിഞ്ഞതിനുശേഷം മാത്രമേ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു മടങ്ങാനാവൂ. പാപ്പാഞ്ഞിയെ നിര്‍മിച്ച പണിസാധനങ്ങള്‍ കൊണ്ടുപോവുന്നതിനാണ് അവര്‍ കാത്തിരുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ബീച്ചിലെ ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം കഴിക്കാനായി പോവുമ്പോഴാണ് പാപ്പാഞ്ഞി കലാപ്രവര്‍ത്തകരെ പോലിസ് തടഞ്ഞുനിര്‍ത്തിയത്. പാപ്പാഞ്ഞി കലാകാരന്‍മാരാണെന്നു പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ പോലിസ് സംഘം തയ്യാറായില്ലെന്നു പറയുന്നു.
സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ചും മറ്റും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് എസിപിയും സംഘവും ചോദ്യംചെയ്യല്‍ തുടങ്ങി. ഇതിനിടയില്‍ യുവാക്കളെ കരണത്തടിക്കുകയും ലാത്തി ഉപയോഗിച്ചു നെഞ്ചില്‍ കുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ അസഭ്യം പറയുകയും ചെയ്തു. ഒടുവില്‍ അവിടെയുണ്ടായിരുന്നവരും കച്ചവടക്കാരും എത്തിയതോടെയാണ് പോലിസ് സംഘം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it