Second edit

പാപം ചെയ്തവര്‍ തന്നെ കല്ലെറിയുന്നു

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും തമ്മില്‍ രൂക്ഷമായ വാക്‌പോരിനു നിമിത്തമായിരിക്കുകയാണ്. നടപടിയെ രാഷ്ട്രീയ പകപോക്കലായി കോണ്‍ഗ്രസ് വിലയിരുത്തുമ്പോള്‍, സംഭവം തീര്‍ത്തും സ്വാഭാവിക നിയമ നടപടിയുടെ ഭാഗമാണെന്നു വിശദീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ ഐഎന്‍എക്‌സ് മീഡിയക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ഫണ്ട് അനുവദിക്കാന്‍ ഇടപെട്ടെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. ഇതിനായി കാര്‍ത്തി 300 കോടി രൂപ കൈപ്പറ്റിയെന്നു പറയപ്പെടുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് ചിദംബരവും കാര്‍ത്തിയും വാദിക്കുന്നത്.
കോണ്‍ഗ്രസ്സോ കോണ്‍ഗ്രസ് നേതാക്കളോ അഴിമതിമുക്തമായ ഒരു രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നവരല്ല. കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം തന്നെ നിരവധി ആരോപണങ്ങള്‍ക്കു വിധേയനായിട്ടുണ്ട്. എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ അദ്ദേഹത്തിനെതിരേ എഫ്‌ഐആര്‍ നിലവിലുണ്ട്. കേസ് ഇപ്പോഴും സിബിഐയുടെ അന്വേഷണത്തിലാണ്. പ്രമാദവും കുപ്രസിദ്ധവുമായ മറ്റനേകം അഴിമതിക്കഥകളിലും മുഖം നഷ്ടപ്പെട്ടുനില്‍ക്കുന്നതു കൊണ്ടുകൂടിയാണ് ബിജെപി ഒരു ബദലായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയത്.
അതേസമയം, രാജ്യം ഭരിക്കുന്ന ബിജെപിയുടെ അവസ്ഥയെന്താണ്? ഭരണത്തിലേറി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ അധികാരത്തിലിരുന്ന് അവര്‍ ചെയ്ത കാര്യങ്ങള്‍ ഓരോന്നും വമ്പന്‍ തട്ടിപ്പുകാര്‍ക്കും അങ്ങനെ സംഘപരിവാരത്തിനും ഗുണം ചെയ്യുകയാണെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യത്തെയപ്പാടെ മുള്‍മുനയില്‍ നിര്‍ത്തി നടപ്പാക്കിയ നോട്ടു നിരോധനം അടക്കം യഥാര്‍ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നുവെന്ന സംശയം ബലപ്പെടുകയാണ്. നോട്ടു നിരോധനത്തിന്റെ ഗുണഭോക്താക്കള്‍ പലരും കോടികള്‍ വരുന്ന രാജ്യത്തിന്റെ സമ്പത്തുമായി ഒന്നിനു പിറകെ ഒന്നായി രാജ്യം വിടുന്നതാണ് നാം കാണുന്നത്.
സാധാരണ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ പോലും സദാ നിരീക്ഷണവിധേയമാക്കാന്‍ തത്രപ്പെടുന്ന അധികാരമുഷ്‌കിനു മുമ്പിലൂടെയാണ് ഈ കള്ളന്മാരൊക്കെയും എല്ലാ കടമ്പകളും ചാടിക്കടന്നത്. ഇതൊക്കെ യാദൃച്ഛികമാണെന്നു വിശ്വസിക്കാന്‍ മാത്രമുള്ള ബുദ്ധിമാന്ദ്യം എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ മഹാശ്ചര്യങ്ങള്‍ക്കിടയില്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായേ ജനങ്ങള്‍ക്ക് അനുഭവപ്പെടൂ.
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിക്കഥകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തോളം തന്നെ പഴക്കമുണ്ട്. അഴിമതി ഏറക്കുറേ ഒരു ജീവിതശൈലിയായി മാറിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭരണത്തിലിരിക്കെ അഴിമതിയുടെ ഭാഗമായും ഭരണത്തിനു പുറത്ത് അഴിമതിക്കെതിരായ സമരമായും മുന്നോട്ടുപോകുന്ന ഒരു അവിശുദ്ധ നാടകമായി നമ്മുടെ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നു.
Next Story

RELATED STORIES

Share it