kannur local

പാനൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം

പാനൂര്‍: വള്ള്യായി, പാത്തിപ്പാലം ഭാഗങ്ങളിലുണ്ടായ സിപിഎം, ബിജെപി സംഘര്‍ഷത്തില്‍ 11 പേര്‍ക്കു പരിക്ക്. അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കും ആറു ബിജെപി പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കനത്ത പോലിസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി 11.30ഓടെ വള്ള്യായിലെ ഒരു വിവാഹ വീട്ടില്‍വച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരും പാത്തിപ്പാലം സ്വദേശികളുമായ മുക്രിന്റവിട ഷിബു, ചന്ദ്രനിലയത്തില്‍ ഷിന്റോ, പൂളപ്പറമ്പത്ത് ജസ്വന്ത്, എടച്ചേരി പ്രവീണ്‍, ബബിത്ത് എന്നിവര്‍ക്കും ബിജെപി പ്രവര്‍ത്തകരായ മിതിന്‍ രാജ്, സന്തോഷ് കുമാര്‍, പ്രകാശന്‍, സിജു എന്നിവര്‍ക്കുമാണു പരിക്കേറ്റത്. സിപിഎം പ്രവര്‍ത്തകരില്‍ ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരായ നിധിന്‍ പ്രകാശന്‍, സന്തോഷ്, ഷിജു എന്നിവര്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവിഭാഗങ്ങളിലുമായി ഇരുപതോളം പേര്‍ക്കെതിരേ കേസെടുത്തു. ഇതിനു പിന്നാലെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ്, റിജിന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുസംഭവങ്ങളിലും പാനൂര്‍ പോലിസ് കേസെടുത്തു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it