പാനായിക്കുളം: ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

കൊച്ചി: പാനായിക്കുളം സിമി കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി 30നു പ്രഖ്യാപിക്കും. കേസിലെ ഒന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ്, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.
കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഷാദുലി, അന്‍സാര്‍ എന്നിവര്‍ മറ്റു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ശിക്ഷ സംബന്ധിച്ച് ജഡ്ജി കെ എം ബാലചന്ദ്രന്‍ മുമ്പാകെ എന്‍ഐഎയുടെയും പ്രതിഭാഗത്തിന്റെയും വാദം ഇന്നലെ പൂര്‍ത്തിയായി. പരമാവധി ശിക്ഷ നല്‍കണമെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
താന്‍ എന്‍ജിനീയറിങ് ബിരുദധാരിയും അവിവാഹിതനുമാണെന്നും ജയിലില്‍ കഴിഞ്ഞ കാലാവധി പരിഗണിച്ചു ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഷാദുലി ആവശ്യപ്പെട്ടു. എംഎ, ബിഎഡ് ബിരുദധാരിയും ജേണലിസം ഡിപ്ലോമയും ഉള്ളയാളാണെന്നും സഹോദരന്‍ അപകടത്തെ തുടര്‍ന്നു കിടപ്പിലായതിനാല്‍ കുടുംബം നോക്കേണ്ടയാളാണെന്നും ഇളവ് അനുവദിക്കണമെന്നും അബ്ദുല്‍ റാസിഖ് ആവശ്യപ്പെട്ടു. ബിരുദധാരിയാണെന്നും വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം കേസില്‍ കുടുങ്ങുകയായിരുന്നുവെന്നും ഇളവ് അനുവദിക്കണമെന്നും അന്‍സാര്‍ ആവശ്യപ്പെട്ടു. നാലാം പ്രതി നിസാമുദ്ദീന്‍ പിതാവ് മരണപ്പെട്ടയാളാണെന്നും മാതാവ് കാന്‍സര്‍ രോഗിണിയാണെന്നും ഏകമകനാണെന്നും ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ചാം പ്രതി ഷമ്മാസ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും വീട്ടില്‍ ഭാര്യ മാത്രമേയുള്ളൂവെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എന്‍ഐഎക്കു വേണ്ടി അഭിഭാഷകന്‍ പി ജി മനുവും പ്രതികള്‍ക്കു വേണ്ടി വി ടി രഘുനാഥ്, എസ് ഷാനവാസ്, പി കെ അബൂബക്കര്‍, കെ പി മുഹമ്മദ് ശരീഫ്, വി എസ് സലീം, ഐസക് തോമസ്, ഇ ടി എബ്രഹാം, സഞ്ജയ് ഐസക്, കെ എസ് മധുസൂദനന്‍, മിസവര്‍ ഹാജരായി.
Next Story

RELATED STORIES

Share it