Districts

പാനായിക്കുളം കേസ്: അന്തിമവിധി 25ന്

കൊച്ചി: പാനായിക്കുളം കേസില്‍ അന്തിമവിധി 25നു പ്രഖ്യാപിക്കും. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ 50 സാക്ഷികളെ ഈ കേസില്‍ വിസ്തരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, അബ്ദുല്‍ റാസിഖ്, ആലുവ സ്വദേശി അന്‍സാര്‍ നദ്‌വി, പാനായിക്കുളം സ്വദേശി നിസാമുദ്ദീന്‍ എന്നിവരടക്കം 17 പേര്‍ വിചാരണയ്ക്കു വിധേയരായി. കേസിലെ പതിമൂന്നാം പ്രതി സ്വാലിഹിന് സംഭവസമയത്തു പ്രായപൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് ഇയാളുടെ വിചാരണ നടപടികള്‍ക്കായി കോട്ടയം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്. വിചാരണയുടെ പ്രതിഭാഗം മൊഴി രേഖപ്പെടുത്തുമ്പോഴാണ് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത വിവരം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 2006 ആഗസ്ത് 15ന് പാനായിക്കുളത്തുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ സിമിയുടെ യോഗം ചേര്‍ന്നുവെന്നതാണ് പ്രതികള്‍ക്കെതിരേ ആരോപിക്കുന്ന കുറ്റം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജി മനുവും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ വി ടി രഘുനാഥ്, എസ് ഷാനവാസ്, വി എസ് സലിം, സഞ്ജയ് ഐസക്, ഐസക് തോമസ്, ഇ ടി എബ്രഹാം, കെ മധുസൂദനന്‍ ഹാജരായി.
Next Story

RELATED STORIES

Share it